ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Aug 28, 2019, 6:57 AM IST
Highlights

ഇന്നലെ ചിദംബരത്തിന്‍റെ വാദം പൂര്‍ത്തിയായിരുന്നു. ഇന്ന് എൻഫോഴ്സ്മെന്‍റിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും  ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയുടെ തീരുമാനം. 

ദില്ലി: ഐഎൻഎക്സ് മീഡിയക്കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന് ഇന്ന് നിർണായക ദിനം. എൻഫോഴ്സ‌്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ പി ചിദംബരം നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ സുപ്രീംകോടതി ഇന്നും തുടരും. ഇന്നലെ ചിദംബരത്തിന്‍റെ വാദം പൂര്‍ത്തിയായിരുന്നു. ഇന്ന് എൻഫോഴ്സ്മെന്‍റിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും കോടതി തീരുമാനം. ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് കേസ് പരിഗണിക്കുക. 

എൻഫോഴ്സ്മെന്‍റ് പ്രതീക്ഷിക്കുന്നതുപോലെ മൊഴി നൽകാൻ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഇന്നലെ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ചിദംബരം ആരോപിച്ചിരുന്നു. എന്നാല്‍, യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. ചോദ്യം ചെയ്യലിന്‍റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും ചിദംബരം കോടതിയിൽ നൽകിയിരുന്നു.

കേസിൽ, ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി സിബിഐ കോടതി ഇന്നലെ നീട്ടിയിരുന്നു. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകിയാൽ നിർണ്ണായകമായ തെളിവുകൾ ലഭിക്കുമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സിബിഐയുടെ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി അടുത്ത വെള്ളിയാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടത്.

click me!