കശ്മീർ വിഷയം; പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

By Web TeamFirst Published Aug 28, 2019, 6:40 AM IST
Highlights

രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും വ്യക്തികളുടെയുമായി ഒരു ഡസനിലധികം ഹർജികളാണ് കോടതിക്ക് മുമ്പിലുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. 

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. 

രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും വ്യക്തികളുടെയുമായി ഒരു ഡസനിലധികം ഹർജികളാണ് കോടതിക്ക് മുമ്പിലുള്ളത്. ഒപ്പം സിപിഎം നേതാവ് മുഹമദ് യൂസഫ് താരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സീതാറാം യെച്ചൂരി നൽകി ഹേബിയസ് കോർപ്പസ് ഹർജിയും കോടതി പരിഗണിക്കും. 

ജമ്മു കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്തുള്ള ഹർജികളും കോടതിയുടെ മുമ്പിലുണ്ട്. ഇക്കാര്യത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലപാട് മാറ്റിയിട്ടുണ്ട്. നേരത്തെ സർക്കാർ നടപടിയെ അനുകൂലിച്ച കൗൺസിൽ, അത് തിരുത്തുന്നതായി ഇന്നലെ വ്യക്തമാക്കിയിരുന്നു. പുതിയ നിലപാട് പ്രസ് കൗൺസിൽ ഇന്ന് കോടതിയെ അറിയിച്ചേക്കും.

ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിന് മുന്നോടിയായി കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും ഗതാഗതത്തിനുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

click me!