
ബെംഗളൂരു: കർണാടകയിൽ ഗതാഗത നിയമം ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകൾ ആണ് അയച്ചത്. നോട്ടീസ് കിട്ടിയതിൽ പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പിഴയടച്ചു.
കർണാടകയിൽ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാൻ അടുത്തിടെ സർക്കാർ നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് 7 വട്ടം ഗതാഗത നിയമങ്ങൾ ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും നോട്ടീസ് അയച്ചത്. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് ആറ് നോട്ടീസ്. ഔദ്യോഗിക വാഹനമായ ഫോർച്യൂണറിന്റെ മുൻ സീറ്റിൽ സിദ്ധരാമയ്യ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ചിത്രങ്ങൾ സഹിതമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അമിതവേഗതയിൽ യാത്ര ചെയ്തതിനാണ് മറ്റൊരു നോട്ടീസ് അയച്ചത്. മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ച സംഭവം ചിത്രങ്ങൾ സഹിതം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ പരിഹാസങ്ങൾ നിറഞ്ഞിരുന്നു. സർക്കാർ ഇളവ് മുതലാക്കി പിഴയടയ്ക്കു എന്നായിരുന്നു പരിഹാസങ്ങൾ. ഇതിന് പിന്നാലെയാണ് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചത്. 50 ശതമാനം പിഴത്തുക ഒഴിവാക്കിയിട്ടുള്ളതിനാൽ 7 നോട്ടീസുകൾക്കും കൂടി 2500 രൂപയാണ് അടച്ചത്.
പിഴ അടച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്ത് നിരവധി പേർ രംഗത്തെത്തി. നിയമവ്യവസ്ഥ തനിക്കും ബാധകം ആണെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ളത് എന്ന് നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. എന്തായാലും ട്രാഫിക് നിയമലംഘനങ്ങൾ വ്യാപകമായ ബംഗളുരുവിൽ കർശന നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam