
ദില്ലി: സ്പൈ ക്യാമറ ഉപയോഗിച്ച് യുവതികളുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പൈലറ്റ് 78 സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതായി വിവരം. സ്ത്രീകളുടെ പിന്നാലെ നടന്നാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. ആത്മസംതൃപ്തിക്ക് വേണ്ടിയാണ് ദൃശ്യങ്ങൾ പകർത്തിയത് എന്ന് അറസ്റ്റിലായ മോഹിത് പ്രിയദർശനി പൊലീസിനോട് പറഞ്ഞു.കിഷൻഗഡ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ കൂടുതൽ സ്ത്രീകളെ ഇരയാക്കിയോ എന്നതില്‍ സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി.
31 വയസുള്ള മോഹിത് പ്രിയദർശനി ഒരു പ്രൈവറ്റ് എയര്‍ലൈന്‍സില്‍ പൈലറ്റയി ജോലിചെയ്യുകയായിരുന്നു. കിഷന്‍ഗഡിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് ഇരുപതുകാരിയായ ഒരു യുവതിക്ക് തന്‍റെ പിന്നാലെ നടന്ന് ഇയാൾ ദൃശ്യങ്ങൾ പകര്‍ത്തുന്നതായി സംശയം തോന്നിയത്. തുടര്‍ന്ന് യുവതി മോഹിത് പ്രിയദർശനിയുമായി തര്‍ക്കം ഉണ്ടാവുകയും ഇയാളുടെ മുഖത്ത് അടിക്കുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാളുടെ കയ്യില്‍ സ്പൈ ക്യാമറ ഉള്ളതായി കണ്ടെത്തുകയും പെണ്‍കുട്ടി പലപ്പോഴായി പലസ്ഥലത്ത് കൂടെ നടന്നു പോകുന്നതിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയതായി കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ലൈറ്ററിലും പേനയിലുമുൾപ്പെടെ ഇയാൾ സ്പൈ ക്യാമറ ഘടിപ്പിച്ചിരുന്നു. നിലവില്‍ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.