
ചെന്നൈ: കളിക്കുന്നതിനിടെ ഒന്നര വയസുള്ള കുട്ടിയുടെ തല പാത്രത്തിനുള്ളില്‍ കുടുങ്ങി. അഗ്നിശമന സേനയുടെ നേൃതൃത്വത്തില്‍ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് കുഞ്ഞിന്‍റെ തല പുറത്തെടുത്തത്. തമിഴ്നാട്ടിലെ രാമനാഥപുരത്താണ് സംഭവം. പ്ലയര്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞിന് ഒരു പ്രശ്നങ്ങളുമില്ലാതെ തല പുറത്തെടുക്കാന്‍ സാധിച്ചുവെന്ന് അഗ്നിശമന സേന അറിയിച്ചു. രാമനാഥപുരത്തെ പരമകുടിയിലാണ് നാടിനെയൊകെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
വീട്ടിലെ അടുക്കളയില്‍ കളിക്കുകയായിരുന്നു അജിത് എന്ന കുട്ടി. പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടെ അജിത്തിന്‍റെ തല അതിനുള്ളില്‍ കുടുങ്ങി പോവുകയായിരുന്നു. വേദന കൊണ്ടും ഭയം കൊണ്ടും കരയുന്ന കുഞ്ഞിന്‍റെ തലയില്‍ നിന്ന് പാത്രം ഊരിയെടുക്കാന്‍ രക്ഷിതാക്കള്‍ ഏറെ നേരം ശ്രമിച്ചു. എന്നാല്‍, അതിന് സാധിക്കാതെ വന്നതോടെയാണ് പരമക്കുടി ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചത്. ഫയര്‍ ഫോഴ്സ് എത്തി ഒരു മണിക്കൂറിലേറെ നേരം കൊണ്ടാണ് പരിക്കുകള്‍ ഒന്നുമില്ലാതെ തന്നെ കുഞ്ഞിനെ രക്ഷിക്കാനായത്.
കഴിഞ്ഞ ദിവസം കോഴിക്കോടും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങിയ രണ്ടു വയസുകാരന് രക്ഷകരായത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍. കോഴിക്കോട് കുതിരവട്ടം സജീവ് കുമാറിന്റെ മകന്‍ അമര്‍നാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. പാത്രം മുറിച്ച് മാറ്റി അഗ്നി രക്ഷാസേന കുട്ടിയെ രക്ഷപ്പെടുത്തി. കളിച്ചു കൊണ്ടിരിക്കെയായിരുന്ന രണ്ടുവയസുകാരന്‍ അമര്‍നാഥിന്റെ തലയിലാണ് അലൂമിനിയത്തിന്റെ പാത്രം കുടുങ്ങിയത്. കുട്ടി കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങുകയായിരുന്നു.
വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിക്കാത്തതോടെയാണ് ഫയർഫോഴ്സിന്റ സഹായം തേടിയത്. ഷിയേഴ്സ് എന്ന ഉപകരണം ഉപയോഗിച്ചാണ് തലയില്‍ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റിയത്. പാത്രം, മോതിരം എന്നിവ കുടങ്ങി നിരവധി പേരാണ് സഹായത്തിനായി ഫയർഫോഴ്സിനായി സമീപിക്കാറുള്ളത്. കുട്ടികളാണ് ഏറെയും ഇത്തരം അപകടങ്ങളിൽപ്പെടുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ രക്ഷാപ്രവർത്തനം നടത്തുന്നത് അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ഫയർഫോഴ്സ് എത്താൻ വൈകിയാൽ പ്രശ്നം ഗുരുതരമാകും. മോതിരം കുടുങ്ങിയത് മുറിച്ചുമാറ്റാൻ നിരവധിപേരാണ് സമീപകാലത്ത് ഫയർഫോഴ്സിനെ സമീപിച്ചത്.
കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങി; രണ്ടു വയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam