ജലദോഷത്തിന് ചികിത്സ തേടി, 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമായി; ചികിത്സാപ്പിഴവിൽ ഹൃദയം തകർന്ന് കുടുംബം

Published : Jun 29, 2026, 09:21 AM IST
Madhya Pradesh Child Vision Lost

Synopsis

ജലദോഷത്തിന് ചികിത്സ തേടിയ കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമായി. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. സാഗർ ജില്ലയിലെ ബാണ്ട സിവിൽ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിക്കാണ് കാഴ്ച ശക്തി നഷ്ടമായത്. 

ഭോപ്പാൽ: മധ്യപ്രദേശിൽ ജലദോഷവുമായി ചികിത്സ തേടിയ 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമായി. മധ്യപ്രദേശ് ആരോഗ്യമന്ത്രി ചുമതല വഹിക്കുന്ന സാഗർ ജില്ലയിലാണ് സംഭവം. ജലദോഷവും ചുമയും കണ്ണിൽ ചുവപ്പ് നിറവും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മരുന്ന് മാറി കണ്ണിൽ ഒഴിച്ചതിനെ തുടർന്നാണ് കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമായതെന്നാണ് കുടുംബം പറയുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.

സാഗർ ജില്ലയിലെ ബാണ്ട സിവിൽ ആശുപത്രിയിലാണ് സംഭവം. ഭൂസ കമൽപുർ സ്വദേശിയായ ഇന്ദ്രാജ് വിശ്വകർമ മകനെ ഇക്കഴിഞ്ഞ മെയ് 29നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടിക്ക് നേരിയ ജലദോഷവും ചുമയും കണ്ണിൽ ചുവപ്പും ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ശിശുരോഗ വിദഗ്ധൻ ഡോ. ഹിമാൻഷു വർമ കുട്ടിക്ക് കണ്ണിൽ ഒഴിക്കുന്ന തുള്ളിമരുന്നും പാരസെറ്റമോൾ സിറപ്പും ഇൻജക്ഷനും മറ്റു മരുന്നുകളും കുറിച്ചതായി പിതാവ് ഇന്ദ്രജ് വിശ്വകർമ പറയുന്നു.

എന്നാൽ ചികിത്സയ്ക്കിടെ, കഫം മാറ്റാനുള്ള മരുന്ന് കുട്ടിയുടെ കണ്ണിൽ ഒഴിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതേ തുടർന്നു കുട്ടിയുടെ നില വഷളായെന്നും നാല് മണിക്കൂറോളം ആശുപത്രിയിൽ നിന്നിട്ടും ആരോഗ്യസ്ഥിതി മോശമായെന്നും കുടുംബം പറഞ്ഞു. കുട്ടിയുടെ സ്ഥിതി മോശമായതോടെ സാഗറിലെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർമാർ വിദഗ്ധ പരിശോധന നിർദേശിക്കുകയും ചെയ്തു. ഇതോടെ കുടുംബം ഭോപ്പാലിലെ എയിംസിൽ കുട്ടിയെ എത്തിച്ചു.

എയിംസിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചുവെന്നും ആരോഗ്യപ്രവർത്തകരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും പിതാവ് പറഞ്ഞു. തൻ്റെ കുട്ടിയുടെ ജീവിതം നഷ്ടപ്പെട്ടെന്നും ജലദോഷത്തിനും ചുമയ്ക്കും കണ്ണിലെ ചുവപ്പിനും ചികിത്സ തേടിയ തൻ്റെ കുട്ടിക്ക് ഒന്നും കാണാൻ കഴിയുന്നില്ലെന്നും പിതാവ് വേദനയോടെ പറഞ്ഞു.

സംഭവത്തിൽ ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി. ഇതേ തുടർന്ന് ജില്ലാ ചീഫ് മെഡിക്കൽ ആൻ്റ് ഹെൽത്ത് ഓഫീസർ അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയെ രൂപീകരിച്ചു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സംഭവത്തിൽ ആരോഗ്യവകുപ്പിൻ്റെ അന്വേഷണത്തിന് പുറമേ, പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡിഎംകെയ്ക്ക് നെഞ്ചിടിപ്പ്! നിർണായക രാഷ്ട്രീയ നീക്കവുമായി വിജയ്, മറ്റന്നാൾ ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുമായി അടിയന്തര യോഗം, ലക്ഷ്യം പുതിയ സഖ്യം
പിടിവിട്ട യുവാവ് കാട്ടിക്കൂട്ടിയത്, കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി, കാരണം 6 വർഷത്തെ പ്രേമത്തിലെ പ്രശ്നങ്ങൾ; പുതിയ വിവരങ്ങൾ പുറത്ത്