ചമോലി ജില്ലയിലെ പിപൽകോട്ടിയിൽ ടിഎച്ച്ഡിസി പദ്ധതിയുടെ ഭാ​ഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 16-ഓളം തൊഴിലാളികളെ രക്ഷിച്ചു. അതേസമയം രണ്ടോ മൂന്നോ തൊഴിലാളികൾ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങികിടക്കുന്നതായാണ് വിവരം.

ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽപ്രളയത്തിന് പിന്നാലെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങി. ചമോലി ജില്ലയിലെ പിപൽകോട്ടിയിൽ ടിഎച്ച്ഡിസി പദ്ധതിയുടെ ഭാ​ഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 16-ഓളം തൊഴിലാളികളെ രക്ഷിച്ചു. അതേസമയം രണ്ടോ മൂന്നോ തൊഴിലാളികൾ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടസമയത്ത് ഇരുപതോളം തൊഴിലാളികൾ തുരങ്കത്തിലുണ്ടായിരുന്നതായാണ് വിവരം.

തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷന്റെ(ടിഎച്ച്ഡിസി) ജലവൈദ്യുത പദ്ധതിയുടെ ഭാ​ഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ അപകടമുണ്ടായത്. പ്രദേശത്ത് മിന്നൽപ്രളയത്തെ തുടർന്ന് വലിയതോതിൽ മണ്ണും വെള്ളവും തുരങ്കത്തിലേക്ക് ഇരച്ചെത്തിയെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും സ്ഥലത്തെത്തി. തുടർന്നാണ് തുരങ്കത്തിൽ കുടുങ്ങിയ 16 തൊഴിലാളികളെ പുറത്തെത്തിച്ചത്. ഏതാനുംമണിക്കൂറുകൾക്കുള്ളിൽ കുടുങ്ങികിടക്കുന്ന ബാക്കി തൊഴിലാളികളെയും പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചമോലി ജില്ലാ മജിസ്ട്രേറ്റ് ​ഗൗരവ് കുമാറും പറഞ്ഞു. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സൈന്യവും ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.