
കലബുര്‍ഗി(കര്‍ണാടക): സൂര്യഗ്രഹണ സമയത്ത് ശാരീരിക വൈകല്യം ഭേദപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്ന് മൂന്ന് കുട്ടികളെ തലമാത്രം പുറത്താക്കി മണിക്കൂറുകളോളം മണ്ണില്‍ മൂടി. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് വിവാദ സംഭവം. സഞ്ജന(4), പൂജ കാമലിംഗ(6), കാവേരി(11) എന്നീ മൂന്ന് കുട്ടികളെയാണ് സൂര്യഗ്രഹണ സമയമായ എട്ടുമുതല്‍ 11.05 വരെ മണ്ണില്‍ മൂടിയത്. മൂന്ന് കുട്ടികളും ഭിന്നശേഷിക്കാരായിരുന്നു. കലബുര്‍ഗിയിലെ താജ്‍സുല്‍ത്താന്‍പുരിലാണ് കുട്ടികളെ മൂടിയത്.
സൂര്യഗ്രഹണ സമയത്ത് കുട്ടികളെ മണ്ണില്‍ മൂടിയാല്‍ വൈകല്യം മാറുമെന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു 'ചികിത്സ'. ചിഞ്ചോളി താലൂക്കിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. ആക്ടിവിസ്റ്റുകള്‍ ഇടപെട്ടാണ് കുട്ടികളെ മണ്ണില്‍ നിന്ന് പുറത്തെടുത്തത്. കുട്ടികളെ ഡെപ്യൂട്ടി കമ്മീഷണര്‍ ബി ശരത് ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത്തരം ദുരാചാരം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി കുട്ടികള്‍ക്കെതിരെ നിരവധി അന്ധവിശ്വാസങ്ങളുണ്ടെന്നും അത് കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ടെന്നും ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ സന്ദീപ് പറഞ്ഞു. സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങരുത്, ഭക്ഷണം കഴിക്കരുത്, കുട്ടികളെ പുറത്തിറക്കരുത് തുടങ്ങിയ സന്ദേശങ്ങള്‍ കേരളത്തിലും പ്രചരിച്ചിരുന്നു. എന്നാല്‍, ശാസ്ത്രീയ രീതിയിലല്ലാതെ സൂര്യനെ വീക്ഷിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam