മദ്രസയിലെ കുട്ടികൾക്ക് വയറുവേദന, ഛർദി, വയറിളക്കം; ഭക്ഷ്യവിഷബാധയെന്ന് സംശയം; നൂറോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Nov 02, 2025, 03:48 PM IST
madrassa food poisoning

Synopsis

പശ്ചിമ ബംഗാളിലെ പൂർവ ബർദ്വാൻ ജില്ലയിലെ ഒരു റെസിഡൻഷ്യൽ മദ്രസയിൽ നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. രാത്രി ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ കുട്ടികളെ ബർദ്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊൽക്കത്ത: സ്വകാര്യ റെസിഡൻഷ്യൽ മദ്രസയിലെ ഏകദേശം നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധ. പശ്ചിമ ബംഗാളിലെ പൂർവ ബർദ്വാൻ ജില്ലയിലാണ് സംഭവം. ഓസ്ഗ്രാമിലെ പിച്കുരി നവാബിയ മദ്രസയിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ശനിയാഴ്ച രാവിലെയോടെയാണ് അസുഖം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഏകദേശം 7-8 വിദ്യാർത്ഥികൾക്കാണ് ആദ്യം വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പിന്നീട് രോഗം ബാധിച്ച വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. മദ്രസ അധികൃതർ ആദ്യം കുട്ടികളെ ഗുസ്കാര പ്രൈമറി ഹെൽത്ത് സെന്‍ററിലേക്ക് മാറ്റി. രാത്രിയോടെ കൂടുതൽ ചികിത്സയ്ക്കായി അവരെ ബർദ്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലെ സാഹചര്യം

ഏകദേശം 100 വിദ്യാർത്ഥികളെ ഒരേസമയം ഛർദി, വയറിളക്കം, വയറുവേദന എന്നീ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചതായി ബർദ്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർവൈസർ തപസ് ഘോഷ് സ്ഥിരീകരിച്ചു. അസുഖം ബാധിച്ച 100 പേരിൽ 30 പേർ 12 വയസിൽ താഴെയുള്ളവരാണ്. ബാക്കിയുള്ളവർ 12നും 30നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരിൽ രണ്ട് പേർക്ക് ഗുരുതരാവസ്ഥ ആയതിനാൽ സെൻട്രൽ നഴ്സിങ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

ഭക്ഷ്യവിഷബാധയാണ് അസുഖത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനങ്ങൾ. ജില്ലാ ഭക്ഷ്യവകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും തപസ് ഘോഷ് കൂട്ടിച്ചേർത്തു. റെസിഡൻഷ്യൽ വിദ്യാർത്ഥികൾ വെള്ളിയാഴ്ച രാത്രി സാധാരണയെന്ന പോലെ അരി, പരിപ്പ്, സോയാബീൻ, ഉരുളക്കിഴങ്ങ് കറി എന്നിവയാണ് കഴിച്ചതെന്ന് മദ്രസ പ്രസിഡന്‍റ് ഷെയ്ഖ് അഷ്റഫ് അലി, വിദ്യാർത്ഥി ഹസ്രത്ത് ഷെയ്ഖ് എന്നിവർ പറയുന്നു.

എന്നാൽ അടുത്ത ദിവസം രാവിലെ മുതൽ നിരവധി വിദ്യാർത്ഥികൾക്ക് അസുഖം അനുഭവപ്പെട്ടു തുടങ്ങി, ഉച്ചയോടെ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. ഏകദേശം 250 റെസിഡൻഷ്യൽ വിദ്യാർത്ഥികൾ താമസിക്കുന്ന ഈ മദ്രസയിലെ സംഭവം പ്രദേശത്ത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചതായും, സംഭവത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് സ്ഥലത്ത് അന്വേഷണം തുടങ്ങിയതായും ഭരണപരമായ വൃത്തങ്ങൾ അറിയിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം