
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നൽകിയത്. ഇതിന് പിന്നാലെ ഇന്ത്യയിലെ പ്രധാന സൈനിക കേന്ദ്രങ്ങളും നഗരങ്ങളുമെല്ലാം ലക്ഷ്യമിട്ട് പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. പാകിസ്ഥാൻറെ എല്ലാ ആക്രമണങ്ങളെയും ഇന്ത്യ എസ്-400 ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ഫലപ്രദമായി ചെറുക്കുകയും ചെയ്തു.
ഇപ്പോൾ ഇതാ, പാകിസ്ഥാനും ചൈനയ്ക്കും ഒരുപോലെ നാണക്കേട് ഉണ്ടാക്കുന്ന ഒരു സംഭവമാണ് പഞ്ചാബിൽ നിന്ന് പുറത്തുവരുന്നത്. വ്യാഴാഴ്ച രാത്രി പാകിസ്ഥാൻ വ്യോമസേനയുടെ ജെഎഫ് -17 ഇന്ത്യൻ ജെറ്റുകൾക്ക് നേരെ ചൈനീസ് പിഎൽ -15 മിസൈൽ തൊടുത്തിരുന്നു. പക്ഷേ, പഞ്ചാബിലെ ഹോഷിയാർപൂരിനടുത്തുള്ള ഒരു വയലിൽ വീണ ചൈനീസ് മിസൈൽ പൊട്ടിത്തെറിച്ചില്ലെന്ന് മാത്രമല്ല, ആർക്കും ഒരു ശല്യവുമുണ്ടാക്കിയുമില്ല.
മെയ് 8-9 തീയതികളിലെ രാത്രിയിൽ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാൻ വലിയ രീതിയിൽ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങൾ നടത്തിയിരുന്നു. മെയ് 7 ബുധനാഴ്ച രാത്രി പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ലാഹോറിൽ പാകിസ്ഥാന് ചൈന നൽകിയ HQ-9B വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ നിർവീര്യമാക്കിയിരുന്നു. ഇതിന് ശേഷമാണ് ചൈനയുടെ തന്നെ PL-15 ലോംഗ് റേഞ്ച് എയർ-ടു-എയർ മിസൈൽ പഞ്ചാബിൽ ചീറ്റിപ്പോയത്. ചുരുക്കിപ്പറഞ്ഞാൽ രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ചൈനീസ് ആയുധങ്ങൾ പരാജയമാണെന്ന് തെളിയിക്കപ്പെട്ടു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സായുധ സേന മിസൈൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാൻറെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായി. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ പ്രതികരണം ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
കൃത്യമായ ആക്രമണങ്ങളിലൂടെയും സാങ്കേതിക മികവിലൂടെയും ഇന്ത്യ പാകിസ്ഥാന് മേൽ ആധിപത്യം സ്ഥാപിക്കുകയാണ്. എന്നാൽ, മറുഭാഗത്ത് ചൈനീസ് ഹാർഡ്‌വെയറുകൾ കൈവശമുണ്ടെന്ന ധൈര്യത്തിലാണ് പാകിസ്ഥാൻ. തദ്ദേശീയമായി നിര്‍മ്മിച്ച ആയുധങ്ങളും ഒപ്പം റഷ്യൻ, ഇസ്രായേൽ നിര്‍മ്മിത ആയുധങ്ങളും ഇന്ത്യയ്ക്ക് കരുത്തേകുന്നു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും സാധാരണക്കാരെ ലക്ഷ്യമിടാതെ ഭീകര ക്യാമ്പുകൾ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിച്ചതിലൂടെ ഓപ്പറേഷൻ സിന്ദൂർ ആഗോളതലത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ കൃത്യത പ്രദർശിപ്പിക്കുന്നതിൽ വിജയിച്ചെന്നാണ് വിലയിരുത്തൽ.