എൽജെപിയിൽ പൊട്ടിത്തെറി, ചിരാഗ് പസ്വാനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി

By Web TeamFirst Published Jun 15, 2021, 5:54 PM IST
Highlights

ബീഹാര്‍ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനെ വെല്ലുവിളിച്ച് ഒറ്റക്ക് മത്സരിച്ച ലോക് ജൻ ശക്തിപാര്‍ടി നേതാവ് ചിരാഗ് പസ്വാന് കനത്ത തിരിച്ചടിയേറ്റിരുന്നു. ഇതോടെയാണ് പാര്‍ടിക്കുള്ളിൽ ചിരാഗിനെതിരായ നീക്കം ശക്തമായത്. 

ദില്ലി: ലോക്ജൻ ശക്തി പാര്‍ട്ടിലെ പൊട്ടിത്തെറി കൂടുതൽ രൂക്ഷമാകുന്നു. ചിരാഗ് പസ്വാനെ  പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. വിമത നേതാക്കൾ യോഗം ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. സൂരജ്ഭാൻ സിംഗിനെ വർക്കിംഗ് പ്രസിഡൻറായി നിയമിച്ചു. 

ചിരാഗ് പസ്വാനുൾപ്പടെ ആറ് എം.പിമാരാണ് ലോക് ജൻ ശക്തിപാര്‍ടിക്കുള്ളത്. നിലവിൽ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയാണ് ചിരാഗ്. ഇന്നലെ ഇതിൽ അഞ്ച് പേര്‍ യോഗം ചേര്‍ന്ന് രാംവിലാസ് പസ്വാന്‍റെ സഹോദരൻ പശുപതിനാഥ് പരസിന് നേതാവായി തെരഞ്ഞെടുത്തിരുന്നു. ചിരാഗ് പസ്വാന്‍റെ ശൈലി അംഗീകരിക്കാനാവില്ലെന്ന് എതിര്‍പ്പ് ഉയര്‍ത്തുന്ന നേതാക്കൾ വ്യക്തമാക്കി. യഥാര്‍ത്ഥ പാർട്ടിയായി അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് എം.പിമാര്‍ കത്തുനൽകിയിട്ടുണ്ട്. 

ബീഹാര്‍ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനെ വെല്ലുവിളിച്ച് ഒറ്റക്ക് മത്സരിച്ച ലോക് ജൻ ശക്തിപാര്‍ടി നേതാവ് ചിരാഗ് പസ്വാന് കനത്ത തിരിച്ചടിയേറ്റിരുന്നു. ഇതോടെയാണ് പാര്‍ടിക്കുള്ളിൽ ചിരാഗിനെതിരായ നീക്കം ശക്തമായത്. നിതീഷ് കുമാറിന്‍റെ സ്വാധീനത്ത് വഴങ്ങിയാണ് ഒരു സംഘം പാര്‍ടിയിൽ കലാപം ഉയര്‍ത്തുന്നതെന്ന് ചിരാഗ് പസ്വാനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്.

ദേശീയതലത്തിൽ എൻഡിഎയിലേക്ക് തിരിച്ചുവരാനുള്ള ചിരാഗ് പസ്വാന്‍റെ നീക്കങ്ങൾക്ക് നേരത്തെ നിതീഷ് കുമാറിന്‍റെ കടുത്ത നിലപാട് കാരണം തിരിച്ചടിയേറ്റിരുന്നു. പാര്‍ടിയുടെ എംപിമാരെ എൻഡിഎക്കൊപ്പം നിര്‍ത്താനുള്ള ബിജെപി-ജെഡിയു നീക്കങ്ങൾ കൂടിയാണ് ഇപ്പോഴത്തെ കലാപത്തിന് കാരണം.

click me!