Karnataka : ക്രിസ്ത്യൻ പുരോഹിതനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Web TeamFirst Published Dec 12, 2021, 9:03 PM IST
Highlights

ആളുകൾ ഓടിയെത്തിയപ്പോഴേക്കും അക്രമി ബൈക്കിൽ രക്ഷപ്പെട്ടു. ബെല്‍ഗാമില്‍ കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെയുണ്ടായ സംഭവം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്

ബെം​ഗളൂരു: കർണാടകയിൽ ക്രിസ്ത്യൻ പുരോഹിതനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം. ബെൽഗാമിലെ സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ഫ്രാൻസിസിനു നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അക്രമിയെന്നാണ് പൊലീസ് വിശദീകരണം.

ഇന്നലെ വൈകിട്ട് പള്ളിയോട് ചേർന്ന താമസ സ്ഥലത്താണു സംഭവം. വളർത്തുനായ അസാധാരണ രീതിയിൽ കുരയ്‍ക്കുന്നതു കേട്ടാണ് ഫാദര്‍ ഫ്രാന്‍സിസ് പുറത്തിറങ്ങിയത്. ഗേറ്റ് തുറന്നുകിടക്കുന്നതു കണ്ടു റോഡിലേക്ക് എത്തിനോക്കിയപ്പോഴാണ് ഒളിഞ്ഞിരുന്ന അക്രമി വടിവാളുപയോഗിച്ചു വെട്ടാൻ ശ്രമിച്ചത്. രക്ഷപ്പെട്ടു വീട്ടിലേക്ക് ഓടിക്കയറിയ ഫാദർ ഫ്രാൻസിസ് ഉടൻ പൊലീസിലും സമീപത്തെ പള്ളിയിലും വിവരമറിച്ചു. 

ആളുകൾ ഓടിയെത്തിയപ്പോഴേക്കും അക്രമി ബൈക്കിൽ രക്ഷപ്പെട്ടു. ബെല്‍ഗാമില്‍ കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെയുണ്ടായ സംഭവം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഈ സമ്മേളനത്തിൽ വിവാദ മതപരിവർത്തന നിരോധന ബിൽ പാസാക്കുമെന്നാണു ബിജെപി ഭരിക്കുന്ന കർണാടക സർക്കാരിന്റെ അറിയിപ്പ്. 

അതേ സമയം അക്രമിയെ തിരിച്ചറിഞ്ഞതായി ബെൽഗാം പൊലീസ് കമ്മിഷണർ കെ ത്യാഗരാജൻ അറിയിച്ചു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ്  അക്രമിയെന്നും സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

click me!