
ഭോപ്പാൽ: ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി മധ്യപ്രദേശിലെ രണ്ട് ക്രൈസ്തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെയടക്കം നേതൃത്വത്തിൽ ആക്രമണം. ജബൽപൂരിലും സിയോനിയിലുമാണ് ആക്രമണം നടന്നത്. ബിജെപി നേതാവിൻ്റെയടക്കം നേതൃത്വത്തിൽ ആൾക്കൂട്ടം പള്ളിയിലേക്ക് ഇരച്ചുകയറിയതിന് പിന്നാലെ പൊലീസെത്തി സ്ഥിതി നിയന്ത്രിച്ചു. എന്നാൽ പിന്നീട് പള്ളി അധികൃതർക്കെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
ജബൽപുരിലെ ഹവാബാഗ് വനിതാ കോളേജിന് സമീപത്തെ പള്ളിയിലാണ് ആദ്യം ആക്രമണം നടന്നത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവയ്‌ക്കൊപ്പം തീവ്ര വലത് സംഘടനകളിൽപെട്ട ഒരു സംഘമാളുകൾ പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. പള്ളിക്ക് പുറത്ത് ഇവർ മുദ്രാവാക്യം വിളിക്കുകയും പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മതപരിവർത്തന നിരോധന നിയമപ്രകാരം പള്ളി വികാരിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പോലീസ് കേസെടുത്തു.
സിയോനി ജില്ലയിലെ ലഖ്‌നാഡൺ പ്രദേശത്തും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. ഇവിടെയും മതപരിവർത്തനം ആരോപിച്ച് ഒരു സംഘം ആളുകൾ പള്ളിയിലേക്ക് ഇരച്ചുകയറി. പ്രാർത്ഥന തടസ്സപ്പെടുത്തി. ക്രിസ്മസ് ആഘോഷങ്ങൾക്കായി തയ്യാറെടുക്കുന്നതിനിടെയുണ്ടായ ഈ രണ്ട് സംഭവങ്ങളും ക്രൈസ്‌തവ സമൂഹത്തെ സംസ്ഥാനത്ത് ആശങ്കയിലാക്കിയിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പള്ളികൾക്കും ആഘോഷ സ്ഥലങ്ങൾക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam