ഓണ്‍ലൈന്‍ മദ്യവില്‍പനക്ക് അനുമതി നല്‍കണം; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കത്തെഴുതി കമ്പനികള്‍

By Web TeamFirst Published Apr 12, 2020, 12:36 PM IST
Highlights

വരുമാനത്തിന്റെ 20-40 ശതമാനം വരെ സംഭാവന ചെയ്യുന്ന മദ്യ വിപണിയെ ഒഴിവാക്കിയാല്‍ കമ്പനികള്‍ക്ക് മാത്രമല്ല, സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും കത്തില്‍ പറയുന്നു.
 

ബെംഗളൂരു: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ രാജ്യത്ത് മദ്യവില്‍പനക്ക് ഇളവുകള്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ വില്‍പനക്ക് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് മദ്യനിര്‍മാണ കമ്പനികളുടെ കോണ്‍ഫഡേറഷനായ (ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസ്) സിആഎബിസി കേന്ദ്ര സര്‍ക്കാറിനും സംസ്ഥാനങ്ങള്‍ക്കും കത്ത് നല്‍കി. കൊവിഡ് ബാധിതമല്ലാത്ത പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിച്ച് പബ്ബുകളും മദ്യഷോപ്പുകളും ബാറുകളും റസ്റ്ററന്റുകളും തുറക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. വാണിജ്യമന്ത്രി പിയൂഷ് ഗോയലിനാണ് കത്ത് നല്‍കിയത്. 

സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വില്‍പന അനുവദിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. വരുമാനത്തിന്റെ 20-40 ശതമാനം വരെ സംഭാവന ചെയ്യുന്ന മദ്യ വിപണിയെ ഒഴിവാക്കിയാല്‍ കമ്പനികള്‍ക്ക് മാത്രമല്ല, സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും കത്തില്‍ പറയുന്നു. നികുതിയിലൂടെ മാത്രം രണ്ട് ലക്ഷം കോടിയാണ് മദ്യവിപണിയില്‍ നിന്ന് സര്‍ക്കാരിന് വരുമാനം. 40 ലക്ഷം കര്‍ഷകരെയും 20 ലക്ഷം തൊഴിലാളികളെയും മദ്യവിപണിയുടെ അടച്ചിടല്‍ നേരിട്ട് ബാധിക്കും. ലക്ഷക്കണക്കിന് തൊഴിലാളികളാണ് നേരിട്ടും അല്ലാതെയും മദ്യവിപണിയെ ആശ്രയിച്ച് ജീവിക്കുന്നതെന്നും സംഘടന കത്തില്‍ സൂചിപ്പിച്ചു. 

സംഭരണശാലകളില്‍ സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ്. ട്രക്കുകള്‍ കുടുങ്ങിക്കിടക്കുന്നു. റീട്ടെയില്‍ ഷോപ്പുകള്‍ ഇല്ലാത്തതിനാല്‍ വിതരണ വെയര്‍ഹൗസുകളും പ്രവര്‍ത്തിക്കുന്നില്ല. അധിക ഫീസില്ലാതെ എക്‌സൈസ് വര്‍ഷം മൂന്ന് മാസം നീട്ടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 

തെരഞ്ഞെടുക്കപ്പെട്ട ഷോപ്പുകള്‍ക്ക് ഹോം ഡെലിവറിക്ക് അനുമതി നല്‍കണം. പരിധി സര്‍ക്കാര്‍ നിശ്ചയിക്കണം. പ്രായം തെളിയിക്കുന്ന രേഖ ഉപഭോക്താവ് ഹാജരാക്കണം. ഭക്ഷണം ഹോം ഡെലിവറി നടത്തുന്നവരെ ഉപയോഗപ്പെടുത്തണമെന്നും കത്തില്‍ പറഞ്ഞു. വ്യാജമദ്യം ഒഴുകുന്നത് പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചു.  ആള്‍ ഇന്ത്യ ബ്രൂവേഴ്‌സ് അസോസിയേഷനും ഓണ്‍ലൈന്‍ മദ്യവില്‍പന അനുവദിക്കണമെന്നാവശ്യപ്പെട്ടു.
 

click me!