
ദില്ലി: സിഐഎസ്എഫിന്റെ 56-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ പടിഞ്ഞാറൻ, കിഴക്കൻ കടൽത്തീരങ്ങൾ ചുറ്റി സഞ്ചരിക്കുന്ന 6,553 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ റാലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും. 14 സ്ത്രീകൾ ഉൾപ്പെടെ 125 സൈക്ലിസ്റ്റുകളാണ് പങ്കെടുക്കുന്നത്. മാർച്ച് 7 ന് ഗുജറാത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും ഒരേസമയം സൈക്ലോത്തൺ ആരംഭിക്കും. 25 ദിവസത്തെ പരിപാടിയിൽ 11 സംസ്ഥാനങ്ങളിലൂടെ റാലി സഞ്ചരിക്കും.
ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്ത് 3,775 കിലോമീറ്ററും കിഴക്കൻ ഭാഗത്ത് 2,778 കിലോമീറ്ററും സഞ്ചരിക്കുന്ന റാലി മാർച്ച് 31 ന് കന്യാകുമാരിയിൽ അവസാനിക്കും. രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റി ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തീരദേശ സുരക്ഷയെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സിഐഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറൽ സുധീർ കുമാർ പറഞ്ഞു. സിഐഎസ്എഫ് വെബ്‌സൈറ്റായ www.cisfcyclothon.com ൽ രജിസ്റ്റർ ചെയ്തുകൊണ്ട് മറ്റുള്ളവർക്കും സൈക്ലത്തണിൽ പങ്കെടുക്കാം.