പ്രധാന വിമാനത്താവളങ്ങളിൽ പ്രാദേശിക ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കും: സിഐഎസ്എഫ്

By Web TeamFirst Published Aug 12, 2020, 11:24 AM IST
Highlights

ഹിന്ദി അറിയാത്തതിന്‍റെ പേരിൽ വിമാനത്താവളത്തിൽ അപമാനിതയായെന്ന ഡി എം കെ എം പി കനിമൊഴിയുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം കനിമൊഴിയുടെ പരാതിയിൽ സിഐ എസ് എഫ് അന്വേഷണം തുടരുകയാണ്.

ചെന്നൈ: പ്രാദേശിക ഭാഷ അറിയാവുന്ന  ഉദ്യോഗസ്ഥരെ കൂടി പ്രധാന വിമാനത്താവളങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കാൻ സി ഐ എസ് എഫ് തീരുമാനം.  ഹിന്ദി അറിയാത്തതിന്‍റെ പേരിൽ വിമാനത്താവളത്തിൽ അപമാനിതയായെന്ന ഡി എം കെ എം പി കനിമൊഴിയുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം കനിമൊഴിയുടെ പരാതിയിൽ സിഐ എസ് എഫ് അന്വേഷണം തുടരുകയാണ്.

ഹിന്ദി അറിയാത്തതിന്‍റെ പേരില്‍ വിമാനത്താവളത്തില്‍ അപമാനിതയായെന്ന ഡിഎംകെ എംപി കനിമൊഴിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഭാഷ അടിച്ചേല്‍പിക്കുന്ന രാഷ്ട്രീയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ കനിമൊഴി കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയത്തെയും, ത്രിഭാഷ പദ്ധതിയെയും തമിഴ്നാട് തള്ളിക്കളഞ്ഞതായി പ്രതികരിച്ചിരുന്നു.

ചെന്നൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് കനിമൊഴിയുടെ പരാതിക്ക് ഇടയായ സംഭവമുണ്ടായത്. പരിശോധനക്കിടെ ഹിന്ദി സംസാരിച്ച സിഐഎസ്എഫ് വനിത ഓഫീസറോട് ഇംഗ്ലിഷിലോ തമിഴിലോ സംസാരിക്കണമെന്നും ഹിന്ദി അറിയില്ലെന്നും കനിമൊഴി പറഞ്ഞു. എന്നാല്‍ ഹിന്ദി അറിയാത്ത നിങ്ങള്‍ ഇന്ത്യക്കാരിയാണോയെന്ന് സംശയമുണ്ടെന്നായിരുന്നു സിഐഎസ്എഫ് ഓഫീസര്‍  കനിമൊഴിയോട് ചോദിച്ചത്. തനിക്ക് നേരിട്ട അപമാനം ട്വിറ്ററിലൂടെ  കനിമൊഴി അറിയിച്ചതിന് പിന്നാലെ സിഐഎസ്എഫ് ഇടപെടുകയായിരുന്നു. 

എന്നാല്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഡിഎംകെ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞെന്നാണ് സംഭവത്തോക്കുറിച്ച് ബിജെപി പ്രതികരിച്ചത്. ഭാഷാ വിവാദം ഉയര്‍ത്തി വോട്ടുനേടാനുള്ള തന്ത്രമാണെന്ന് സംഘടന ചുമതലയുള്ള ജനറല്‍സെക്രട്ടറി ബിഎല്‍ സന്തോഷ് വിലയിരുത്തിയത്. ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കില്ലെന്ന് ഇതിനൊടകം വ്യക്തമാക്കിയ ഡിഎംകെ ത്രിഭാഷ പദ്ധതിക്കെതിരെയും രംഗത്തെത്തിയിരുന്നു. ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള നീക്കത്തിനെതിരെ 1960ല്‍ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഡിഎംകെ ഉയര്‍ത്തിയത്. പിന്നാലെ വന്‍ഭൂരിപക്ഷത്തില്‍ ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

click me!