പൗരത്വ ഭേദഗതി: പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ്

By Web TeamFirst Published Dec 26, 2019, 11:36 AM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ്. 

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവെന്ന് സ്ഥിരീകരിച്ച് പൊലീസ്. ബിജ്നോറിലാണ് 20കാരനായ സുലേമാന്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചത്.

സ്വയരക്ഷയ്ക്കായാണ് പൊലീസ് കോണ്‍സ്റ്റബിള്‍ സുലേമാന്‍റെ നേര്‍ക്ക് വെടിയുതിര്‍ത്തതെന്ന് പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പൊലീസിന്‍റെ തോക്ക് തട്ടിപ്പറിച്ച പ്രതിഷേധക്കാര്‍ പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രാണരക്ഷാര്‍ത്ഥം കോണ്‍സ്റ്റബിള്‍ വെടിവെച്ചത്. വെടിവെപ്പിനിടെ സുലേമാന്‍ കൊല്ലപ്പെടുകയായിരുന്നെന്നും ബിജ്നോര്‍ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറഞ്ഞു. എന്നാല്‍ പ്രതിഷേധക്കാരിലൊരാളായ അനിസ് കൊല്ലപ്പെട്ടത് പ്രതിഷേധക്കാരുടെ വെടിയേറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സുലേമാന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്ന് ഇയാളുടെ കുടുംബം അറിയിച്ചു. നമസ്കാരത്തിന് ശേഷം പള്ളിയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു സുലേമാന്‍. പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പൊലീസ് ഇയാളെ വെടിവെക്കുകയായിരുന്നെന്ന് സുലേമാന്‍റെ സഹോദരന്‍ ശൊയ്ബ് മാലിക് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

click me!