Latest Videos

'വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടു'; ജാമിയയിലെ പൊലീസ് നടപടിയില്‍ അന്വേഷണം വേണമെന്ന് സര്‍വ്വകലാശാല

By Web TeamFirst Published Dec 26, 2019, 11:15 AM IST
Highlights

ക്യാമ്പസില്‍ പൊലീസിന് അനുമതി നല്‍കിയിരുന്നില്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി. 

ദില്ലി: ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പൊലീസ് നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍വ്വകലാശാല. പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണമോ ഉന്നതാധികാര സമിതിയുടെ അന്വേഷണോ വേണമെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തോട് സര്‍വ്വകലാശാല ആവശ്യപ്പെട്ടത്. ക്യാമ്പസില്‍ പൊലീസിന് അനുമതി നല്‍കിയിരുന്നില്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ പൊലീസ് കായികമായി ആക്രമിച്ചെന്നും  ക്യാമ്പസില്‍ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും സര്‍വ്വകലാശാല വ്യക്തമാക്കുന്നു.

പൗരത്വ ഭേദഗതിക്കെതിരായ ജാമിയ സർവകലശാല വിദ്യാർത്ഥികളുടെ സമരം ഇന്ന് പതിനാറാം ദിവസത്തിൽ എത്തിനില്‍ക്കുകയാണ്. സർവ്വകലാശാലയുടെ ഏഴാം ഗേറ്റിന് മുന്നിൽ ഇന്ന് വിദ്യാർത്ഥികൾ സമരം തുടരും. പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ന് പൗരത്വ ഭേദഗതിക്കെതിരെ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്നലെ കൂടിയ സമരസമിതി യോഗത്തിൽ നാളെ ദില്ലിയിലെ ഉത്തർപ്രദേശ് ഭവൻ ഉപരോധിക്കാൻ വിദ്യാർത്ഥികൾ തീരുമാനം എടുത്തിട്ടുണ്ട്. അതേസമയം ഭേദഗതിക്കെതിരെ പ്രചാരണങ്ങൾ നടത്താനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം പൊലീസ് വിലക്ക് ലംഘിച്ച് വിദ്യാർത്ഥികൾ ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയിരുന്നു.

അതേസമയം അലിഗഢില്‍ നിരോധനാജ്ഞ ലംഘിച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.1200 വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. 23 ന് രാത്രിയാണ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. അലിഗഢില്‍ ക്യാമ്പസ് അടച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ സമരവും പ്രതിഷേധവും തുടരുകയാണ്. 
 

click me!