'എനിക്ക് വലയഗ്രഹണം നേരിട്ട് കാണാൻ പറ്റിയില്ല', നിരാശ പങ്കുവച്ച് മോദി

By Web TeamFirst Published Dec 26, 2019, 10:57 AM IST
Highlights

ദില്ലിയിൽ കനത്ത മൂടൽമഞ്ഞാണ് ഇന്ന്. അതിനാൽത്തന്നെ കണ്ണട അടക്കം ഒരുക്കി കാത്തിരുന്നെങ്കിലും മോദിക്ക് വലയഗ്രഹണം കാണാനായില്ല. പക്ഷേ, കോഴിക്കോട്ടെ ഗ്രഹണം താൻ കണ്ടെന്ന് ട്വീറ്റ് ചെയ്തു മോദി. 

ദില്ലി: നൂറ്റാണ്ടിൽ അപൂർവമായി മാത്രം വരുന്ന വലയസൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ നിരാശ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ ഇന്ന് കനത്ത മൂടൽ മഞ്ഞായിരുന്നതിനാലും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലും മോദിക്ക് സൂര്യഗ്രഹണം കാണാനായില്ല. ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകൾ അടക്കം ഒരുക്കി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ആ നിരാശ പ്രധാനമന്ത്രി മറച്ചുവച്ചതുമില്ല.

പക്ഷേ, കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും, അതിൽ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. 

Like many Indians, I was enthusiastic about .

Unfortunately, I could not see the Sun due to cloud cover but I did catch glimpses of the eclipse in Kozhikode and other parts on live stream. Also enriched my knowledge on the subject by interacting with experts. pic.twitter.com/EI1dcIWRIz

— Narendra Modi (@narendramodi)

മാത്രമല്ല, വിദഗ്‍ധരുമായി ചർച്ച ചെയ്ത് വലയസൂര്യഗ്രഹണത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി പഠിച്ചെന്നും മോദി ട്വീറ്റ് ചെയ്തു. 

തീർന്നില്ല, മോദിയുടെ ഈ ചിത്രം ഇപ്പോൾത്തന്നെ തമാശ മീമുകളായി പ്രചരിച്ചു തുടങ്ങിയെന്ന 'ഗപ്പിസ്ഥാൻ റേഡിയോ' എന്ന ട്വിറ്റർ ഹാൻഡിലിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത മോദി, 'വളരെ നന്ദി, എൻജോയ്', എന്നാണ് ട്വീറ്റ് ചെയ്തത്.

Most welcome....enjoy :) https://t.co/uSFlDp0Ogm

— Narendra Modi (@narendramodi)

പകൽ തുടങ്ങിയപ്പോൾ തന്നെ സന്ധ്യയായത് പോലെയുള്ള പ്രതീതിയാണ് സൂര്യഗ്രഹണത്തിലൂടെ അനുഭവപ്പെട്ടത്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന സമയത്ത് സൂര്യൻ പൂര്‍ണ്ണമായോ ഭാഗികമായോ മറക്കപ്പെടുന്ന പ്രതിഭാസത്തെയാണ് സൂര്യ ഗ്രഹണം എന്ന് പറയുന്നത്. വലയ രൂപത്തിൽ ചന്ദ്രൻ സൂര്യനെ മറച്ച ശേഷം സാവധാനം പുറത്തേക്ക് വരുന്ന രീതിയിലാണ് സൂര്യഗ്രഹണം ഈ വർഷം ദൃശ്യമായത്. ഇത്തരത്തിൽ സൂര്യഗ്രഹണം സംഭവിക്കുന്നത് നൂറ്റാണ്ടിൽ ഒന്നോ രണ്ടോ തവണ മാത്രമാകും. ഇനി ഇത്തരത്തിലൊരു വലയസൂര്യഗ്രഹണം 2031-ൽ മാത്രമേ നടക്കൂ എന്നാണ് ശാസ്ത്രവിദഗ്‍ധർ പ്രവചിക്കുന്നത്.

അതിനാൽത്തന്നെ നൂറ്റാണ്ടിന്‍റെ അപൂർവകാഴ്ച കാണാൻ രാജ്യമെമ്പാടും വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. കേരളത്തിൽ വലയഗ്രഹണം വ്യക്തമായി കാണാമെന്ന് പ്രഖ്യാപനം വന്നതോടെ, ശാസ്ത്രക്ലബ്ബുകളും പ്ലാനിറ്റേറിയങ്ങളും സംസ്ഥാനസർക്കാരും മറ്റ് സംഘടനകളും എല്ലാം വിപുലമായ ഒരുക്കങ്ങൾ നടത്തി. 

എന്താണ് വലയ​ഗ്രഹണം?

ദീ‌ർഘവൃത്താകൃതിയിലാണ് ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്. അത് കൊണ്ട് തന്നെ ഭൂമിയിൽ നിന്ന ചന്ദ്രനിലേക്കുള്ള ദൂരം ഭ്രമണത്തിനിടെ കൂടുകയും കുറയുകയും ചെയ്യും. ഇതിന് അനുസൃതമായി ഭൂമിയിൽ നിന്ന് നോക്കുന്ന ആൾക്ക് ചന്ദ്രന്റെ വലിപ്പവും മാറുന്നതായി തോന്നും, ഭൂമിയിൽ നിന്ന് ചന്ദ്രൻ കൂടുതൽ അകന്ന് നിൽക്കുന്ന സമയത്താണ് ഗ്രഹണമെങ്കിൽ ചന്ദ്രനും സൂര്യനും നേർരേഖയിൽ വന്നാലും സൂര്യബിംബം മുഴുവനായി മറയ്ക്കപ്പെടില്ല. ചന്ദ്രന് ചുറ്റും ഒരു പ്രകാശ വലയം ബാക്കിയാകും. ഇതാണ് വലയ ഗ്രഹണം. 

click me!