
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി. ജെ. റോയിയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു. റോയ് ജീവനൊടുക്കിയത് ആദായനികുതി വകുപ്പുദ്യോഗസ്ഥരുടെ സമ്മർദം കൊണ്ടല്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. റോയിയുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കാൻ എസ്ഐടി തീരുമാനിച്ചു. ഇതിനായി സ്വകാര്യ ഓഡിറ്റർമാരെ നിയോഗിച്ചു.
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോ. സി.ജെ.റോയിയുടെ മരണത്തിൽ ആദായ നികുതി വകുപ്പുദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകുകയാണ് പ്രത്യേക അന്വേഷണ സംഘം. റോയിയുടെ മരണസമയത്ത് ഓഫീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമ്മർദമല്ല മരണകാരണമെന്നാണ് വിലയിരുത്തൽ. റോയിയെ ഈ ഉദ്യോഗസ്ഥർ മരണം നടന്ന ദിവസം ചോദ്യം ചെയ്തിരുന്നില്ല എന്ന കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചു. റോയിയുടെ മരണത്തിന് പിന്നാലെ പ്രതികരിച്ച സഹോദരൻ സി.ജെ.ബാബുവാണ് ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്ന ആരോപണം ആദ്യം ഉന്നയിച്ചത്.
പിന്നാലെ കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയ പരാതിയിലും ഈ ആരോപണം ഉന്നയിച്ചു. എന്നാൽ അന്വേഷണം പ്രാഥമിക ഘട്ടം പിന്നിട്ടതോടെ കുടുംബം ഈ ആരോപണത്തിൽ നിന്ന് പിന്നോട്ട് പോയത് പൊലീസിൽ നിന്ന് വ്യക്തത കിട്ടിയ ശേഷമാണെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയ റോയിയുടെ വിശ്വസ്തനും കോൺഫിഡന്റ് ഗ്രൂപ്പ് എംഡിയുമായ ടി.എ.ജോസഫും ഉദ്യോഗസ്ഥ സമ്മർദം എന്ന ആരോപണത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു.
ഉദ്യോഗസ്ഥ സമ്മർദമല്ല മാരണകാരണം എന്ന് വ്യക്തമായതോടെ റോയ് ആത്മഹത്യ ചെയ്തത് എന്തിനെന്ന ചോദ്യം കൂടുതൽ സജീവമാകുകയാണ്. റോയ് ബെംഗളൂരുവിൽ മാനസിക സമ്മർദത്തിന് ചികിത്സ തേടിയിരുന്നു എന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇതെന്തിനായിരുന്നു എന്നാണ് അന്വേഷിക്കുന്നത്. ഒപ്പം റോയിയുടെ സാമ്പത്തിക ഇടപാടുകളിൽ വിശദമായ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ഓഡിറ്റർമാരെ നിയോഗിച്ചാണ് പരിശോധന നടത്തുന്നത്. റോയിയുമായി വലിയ ഇടപാടുകൾ നടത്തിയവരുടെ വിശദാംശങ്ങളും പ്രത്യേക സംഘം തേടുന്നുണ്ട്. ഇതിനെല്ലാം ഉത്തരം കിട്ടുന്നതോടെ ജീവിതം ആഘോഷിക്കാൻ ആഹ്വാനം ചെയ്ത സി.ജെ.റോയിയുടെ മരണകാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam