
ബംഗളൂരു: സുപ്രീംകോടതി ജസ്റ്റിസ് എൻ വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഢി ഉന്നയിച്ച ആരോപണങ്ങൾ സത്യവാങ്മൂലമായി നൽകാൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ സ്ഥലംമാറ്റത്തിന് പിന്നാലെ കൊളീജിയത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ചീഫ് ജസ്റ്റിസിന്‍റെ ഇടപെടൽ എന്നാണ് സൂചന.
നാലുമാസത്തിന് ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷിക്കുന്ന ജസ്റ്റിസ് എൻ വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഢി അയച്ച കത്താണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പരിശോധിക്കുന്നത്. ജസ്റ്റിസ് രമണ ആന്ധ്ര ഹൈക്കോടതിയിൽ സ്വാധീനം ചെലുത്തി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങൾ തടസ്സപ്പെടുത്തുന്നു എന്നതായിരുന്നു ജഗൻമോഹൻ റെഢി ഉയര്‍ത്തിയ പ്രധാന ആരോപണം. ജസ്റ്റിസ് എൻ വി രമണയുടെ കുടുംബാംഗങ്ങൾക്കെതിരെ അഴിമതി ആരോപണവും ഉന്നയിച്ചിരുന്നു.
പരാതി സത്യവാങ്മൂലമായി നൽകാൻ ആവശ്യപ്പെട്ടതോടെ ഒരു കേസായി തന്നെ ഇത് ചീഫ് ജസ്റ്റിസ് പരിഗണിക്കാനുള്ള സാധ്യതയും ഉണ്ട്. ആരോപണത്തെ കുറിച്ച് ജസ്റ്റിസ് എൻ വി രമണയുടെ മറുപടിയും ചീഫ് ജസ്റ്റിസ് തേടിയിട്ടുണ്ട്. ജസ്റ്റിസ് രമണയുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് ജഗൻമോഹൻ റെഢി ആരോപിച്ച ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരിയെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. കൊളീജിയം തീരുമാനങ്ങൾ സുതാര്യമാകണമെന്ന് ആന്ധ്ര ഹൈക്കോടതിയിലെ ജസ്റ്റിസ് രാകേഷ് കുമാര്‍ തൊട്ടുപിന്നാലെ ഇറക്കിയ ഒരു ഉത്തരവിൽ പരാമര്‍ശം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജഗൻമോഹൻ റെഢിയുടെ പരാതി ചീഫ് ജസ്റ്റിസ് ഗൗരവമായി എടുക്കുന്നു എന്ന റിപ്പോര്‍ട്ടുകൾ വരുന്നത്. അടുത്ത ചീഫ് ജസ്റ്റിസ് നിയമനത്തിനുള്ള നടപടികൾ തുടങ്ങാനിരിക്കെയാണ് ഇത് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam