ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: മുൻ ജീവനക്കാരി പരാതി പരിഹാര സമിതിക്ക് മുന്നിൽ ഹാജരായി

Published : Apr 26, 2019, 07:42 PM ISTUpdated : Apr 26, 2019, 08:06 PM IST
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: മുൻ ജീവനക്കാരി പരാതി പരിഹാര സമിതിക്ക് മുന്നിൽ ഹാജരായി

Synopsis

ജസ്റ്റിസ് എസ് എ ബോബ്‍ഡെ, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ പരാതി പരിഹാര സമിതിക്ക് മുമ്പാകെയാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുൻ കോടതി ജീവനക്കാരി ഹാജരായത്. 

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുൻ കോടതി ജീവനക്കാരി സുപ്രീംകോടതിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെ ഹാജരായി. ജസ്റ്റിസ് എസ് എ ബോബ്‍ഡെ, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെയാണ് പരാതിക്കാരി ഹാജരായത്. 

ഇന്ന് ഉച്ചയോടെ ചേംബറിലാണ് ജസ്റ്റിസ് ബോബ്‍ഡെയുടെ നേതൃത്വത്തിലുള്ള പരാതിപരിഹാര സമിതിയുടെ മുമ്പാകെ പരാതിക്കാരി എത്തിയത്. ആദ്യ സിറ്റിംഗിൽ സുപ്രീംകോടതി സെക്രട്ടറി ജനറലും ഹാജരായിരുന്നു. എന്നാൽ പരാതിക്കാരിയുടെ അഭിഭാഷകനെ കോടതി മുറിയ്ക്കുള്ളിൽ അനുവദിച്ചില്ല. 

സുപ്രീംകോടതി സെക്രട്ടറി ജനറൽ എല്ലാ രേഖകളുമായാണ് ഹാജരായത്. എന്നാൽ ആ രേഖകൾ ഇന്ന് സമിതി പരിശോധിച്ചില്ല. പകരം പരാതിക്കാരിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തത്. വിശദമായ മൊഴി പിന്നീടൊരു ദിവസം രേഖപ്പെടുത്തും. ജുഡീഷ്യൽ നടപടിക്രമങ്ങൾ പോലെയല്ല ആഭ്യന്തരപരാതി പരിഹാര സമിതിയുടേത് എന്നതിനാൽ അഭിഭാഷകരെ മൊഴി രേഖപ്പെടുത്തുന്നതിനിടെ അനുവദിക്കില്ലെന്ന് നേരത്തേ ജസ്റ്റിസ് ബോബ്‍ഡെ വ്യക്തമാക്കിയിരുന്നു. 

പരാതിക്കാരിയുടെ മൊഴി രഹസ്യമാക്കി വയ്ക്കണമെന്നാണ് സമിതി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. 

നേരത്തേ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് ജസ്റ്റിസ് എൻ വി രമണ പിൻമാറിയിരുന്നു. രമണയ്ക്ക് എതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു പിൻമാറ്റം. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദർശകനാണെന്നും പരാതിക്കാരി സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‍ഡെക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു.

'ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്‍റെ കുടുംബാംഗമെന്നോണം വസതിയിലെ നിത്യസന്ദർശകനുമായ എൻ വി രമണയെയുമാണ്' ആഭ്യന്തര പരാതി പരിഹാര സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് എസ് എ ബോബ്‍ഡെയ്ക്ക് നൽകിയ കത്തിൽ പരാതിക്കാരി പറയുന്നത്. ജസ്റ്റിസുമാരായ എസ് എ ബോബ്‍ഡെ, എൻ വി രമണ, ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ സമിതി പരാതി പരിഹരിക്കുമെന്നായിരുന്നു നേരത്തേ സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. എൻ വി രമണയ്ക്ക് പകരമാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതിയിൽ വന്നത്. 

ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയെ മറികടന്നാണ് ലൈംഗികാരോപണം പരിഗണിക്കാൻ വേറൊരു ബഞ്ച് സുപ്രീംകോടതി രൂപീകരിച്ചത്. ഇത് വലിയ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വഴി വച്ചിരുന്നു. എന്നാൽ ഇതെല്ലാം മറികടന്ന് ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ലൈംഗികാരോപണത്തിലെ ഗൂഢാലോചന വേറെയും ലൈംഗികാരോപണം വേറെയും അന്വേഷിക്കാനായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസിന്‍റെ തന്നെ അദ്ധ്യക്ഷതയിൽ സുപ്രീംകോടതിയിൽ ചേർന്ന അപൂർവ സിറ്റിംഗിലായിരുന്നു ഈ തീരുമാനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം