ദസറയ്ക്ക് പാറ്റയുടെ കോലം കത്തിക്കുന്നതിൽ പ്രതികരണവുമായി അഭിജീത് ദീപ്കെ; 'ഫ്രീ പബ്ലിസിറ്റിക്ക് നന്ദിയുണ്ട്'

Published : Oct 20, 2026, 04:32 PM IST
Abhijeet Dipke on Cockroach Effigy

Synopsis

ദില്ലിയിൽ ദസറ ആഘോഷങ്ങൾക്കിടെ പാറ്റയുടെ കോലം കത്തിക്കാനുള്ള തീരുമാനത്തിൽ പരിഹാസവുമായി സിജെപി നേതാവ് അഭിജീത് ദീപ്കെ. ഫ്രീ പബ്ലിസിറ്റിക്ക് നന്ദിയുണ്ടെന്ന് ദീപ്കെ പരിഹസിച്ചു. പാറ്റയുടെ കോലത്തിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ദീപ്കെയുടെ പരിഹാസം.

ദില്ലി: ദില്ലിയിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണൻ്റെ കോലത്തിനൊപ്പം പാറ്റയുടെ കോലവും കത്തിക്കാനുള്ള തീരുമാനത്തിൽ പരിഹാസവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. ഫ്രീ പബ്ലിസിറ്റിക്ക് നന്ദിയുണ്ടെന്നാണ് ദീപ്കെയുടെ പരിഹാസം. ദില്ലിയിലെ പിതാംപുരയിൽ ഒരുക്കിയ പാറ്റയുടെ കോലത്തിൻ്റെ ദൃശ്യം പങ്കുവെച്ചാണ് ദീപ്കെയുടെ പ്രതികരണം. ദസറ ആഘോഷങ്ങളുടെ ഭാഗമായി ശ്രീ കേശവ് രാംലീല കമ്മിറ്റി ആണ് രാവണൻ്റെയും കുംഭകർണൻ്റെയും മേഘനാഥൻ്റെയും കോലങ്ങൾക്കൊപ്പം 30 അടിയ ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കാനായി സ്ഥാപിച്ചത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സിജെപി പ്രതിഷേധം ശക്തമായതിനിടെയാണ് പാറ്റയുടെ കോലം കത്തിക്കാൻ സംഘാടകർ തീരുമാനിച്ചത്. ബിജെപി എംഎൽഎയായ അശോക് ഗോയൽ ദേവരഹ പ്രസിഡൻ്റായ ശ്രീ കേശവ് രാംലീല കമ്മിറ്റിയുടേതാണ് തീരുമാനം. വീടുകൾ, ചുറ്റുപാടുകൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ആയിരക്കണക്കിന് വർഷങ്ങളായി രാവണന്റെയും മേഘനാദന്റെയും കുംഭകർണന്റെയും കോലങ്ങൾ കത്തിക്കാറുണ്ടെന്നും സത്യം മാത്രമേ ജയിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അശോക് ഗോയൽ ദേവരഹ പറഞ്ഞിരുന്നു. മുൻകാലങ്ങളിൽ നക്സലിസം, തീവ്രവാദം തുടങ്ങിയ വിപത്തുകളെ പ്രതിനിധീകരിക്കുന്ന കോലങ്ങൾ തങ്ങൾ കത്തിച്ചിട്ടുണ്ട്. ഇത്തവണ മാലിന്യത്തിന്റെ പ്രതീകമായി ഒരു പാറ്റയുടെ രൂപം കത്തിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. വീട്, ചുറ്റുപാടുകൾ, സമൂഹം എന്നീ മൂന്നിടങ്ങളിൽ നിന്നും മാലിന്യം ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഇത്തവണ മാലിന്യത്തെ പ്രതിനിധീകരിച്ച് പാറ്റയുടെ ആകൃതിയിലുള്ള കോലം കത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വൈകുന്നേരമാണ് സംഘാടകർ മറ്റ് കോലങ്ങൾക്കൊപ്പം പാറ്റയുടെ കോലവും കത്തിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നുണകൾ പ്രചരിപ്പിച്ച് തളർന്നു, വിയറ്റ്നാമിൽ കറങ്ങിയിട്ട് വരാം', കടുത്ത പരിഹാസവുമായി ബിജെപി; രാഹുലിന്‍റെ യാത്രയെ പിന്തുണച്ച് കോൺഗ്രസ്
തൃണമൂൽ വിട്ട് എൻഡിഎയിൽ എത്തിയതോടെ യൂസഫ് പത്താന്റെ ഭൂമി തർക്കത്തിനും പരിഹാരം; പകുതി ഭൂമി സമ്മാനമായി നൽകാൻ ​ഗുജറാത്ത് സർക്കാർ