
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദിറിൽ ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത സമാധാനപരമായ പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന് ഏഴു ദിവസത്തെ സമയപരിധി പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയോ അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്തില്ലെങ്കിൽ സമരം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. എട്ടുലക്ഷത്തിലധികം ആളുകൾ ഒപ്പിട്ട നിവേദനം നൽകിയിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുന്നതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നതെന്നും വരും ദിവസങ്ങളിൽ ഭാവി പ്രതിഷേധ പരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും സി ജെ പി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സി ജെ പിയുടെ പ്രതിഷേധങ്ങൾ സമാധാനപരവും ജനാധിപത്യപരവുമായിരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. ഇന്ന് ജന്തർ മന്ദിറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് സി ജെ പി നേതാക്കൾ നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ നടന്ന സി ജെ പി പ്രതിഷേധത്തിൽ രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ നിന്നും യുവജനത ഒഴുകിയെത്തി. തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ബിഹാർ, ഛത്തീസ്ഗഢ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളുമാണ് ജന്തർ മന്ദിറിലെ സമാധാനപരമായ പ്രതിഷേധത്തിൽ അണിനിരന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നേരത്തെ എട്ട് ലക്ഷത്തിലധികം പേർ ഒപ്പിട്ട നിവേദനങ്ങൾ സമർപ്പിച്ചിട്ടും സർക്കാർ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ കടുത്ത അമർഷം തെരുവിലേക്ക് പടർന്നതെന്ന് സി ജെ പി വ്യക്തമാക്കി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ശരിയായ രീതിയിൽ പുനഃക്രമീകരിക്കണമെങ്കിൽ വിദ്യാഭ്യാസ മന്ത്രിയെ മാറ്റിക്കൊണ്ടുള്ള നടപടിയാണ് ആദ്യം ഉണ്ടാകേണ്ടതെന്ന് സി ജെ പി ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഇന്നത്തെ പ്രതിഷേധത്തിൽ ഉണ്ടായതെന്നും സമാധാനപരമായി സഹകരിച്ച ദില്ലി പൊലീസിനും രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും എത്തിയവർക്കും നന്ദി അറിയിക്കുന്നതായും സംഘാടകർ പറഞ്ഞു. ജനാധിപത്യപരവും സമാധാനപരവുമായ രീതിയിലായിരിക്കും തങ്ങളുടെ ഭാവി പ്രക്ഷോഭങ്ങളും മുന്നോട്ടുപോവുക. യുവാക്കൾക്കും വിദ്യാഭ്യാസത്തിനും ഭരണഘടനയ്ക്കും അനുകൂലമായി രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ശബ്ദം ഉയർത്തിപ്പിടിക്കുന്ന ഒരു വലിയ മുന്നേറ്റത്തിന്റെ തുടക്കം മാത്രമാണിതെന്നും സി ജെ പി നേതൃത്വം വിവരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam