ഗ്യാനേഷിന്റെ രാജിക്കായി സിജെപി രണ്ടാം ജന്തർമന്തർ പ്രക്ഷോഭം; ദീപ്കെ അടക്കം ദില്ലിയിലേക്ക്, സമരം നേരിടാൻ വൻ സന്നാഹം, മെട്രോ അടച്ചു, ഇന്‍റർനെറ്റ് നിരോധനം

Published : Oct 10, 2026, 07:23 AM IST
DELHI POLICE

Synopsis

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരം ഇന്ന് മുതൽ. രാവിലെ 10 മണിയോടെ ജന്തർമന്തറിൽ എത്താൻ ആഹ്വാനം. വിമാനത്താവളത്തിൽ വെച്ച്, തന്നെ അറസ്റ്റ് ചെയ്തേക്കും എന്ന് അഭിജിത് ദീപ്കെ.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ സമരം ഇന്ന് തുടങ്ങും. രാവിലെ 10 മണിയോടെ ജന്തർ മന്തറിൽ എത്തിച്ചേരാൻ ആണ് സിജെപി ആഹ്വാനം. ഇടത് വിദ്യാർഥി സംഘടനകളും തൃണമൂൽ കോൺഗ്രസ്സും സിപിഎമ്മും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, സമരത്തിന് എത്തുന്ന സിജെപി നേതാക്കളെ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

ജന്തർ മന്തർ 2.0 സമരം നയിക്കാൻ സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർ 10.15:ഓടെ ദില്ലി വിമാനത്താവളത്തിൽ എത്തും എന്നാണ് വിവരം. വിമാനത്താവളത്തിൽ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം. എന്നാൽ വിമാനത്താവളത്തിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തേക്കാം എന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക, എസ്.ഐ.ആർ നടപടികൾ അടിയന്തരമായി മരവിപ്പിക്കുകയും 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുകയും ചെയ്യുക, തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023 ലെ നിയമം തിരുത്തി കമ്മീഷന്റെ ഘടനയിൽ സമഗ്രമായ പരിഷ്കരണം വരുത്തുക എന്നിവയാണ് സിജെപിയുടെ ആവശ്യങ്ങൾ.

പ്രതിഷേധം നേരിടാൻ

ഇന്ന് നടക്കുന്ന സിജെപി സമരത്തെ നേരിടാൻ വിപുലമായ സജീകരണങ്ങളാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്. ദില്ലി പൊലീസിനും സൈനിക അർധ സൈനിക വിഭാഗങ്ങൾക്കും പുറമേ 70 കമ്പനി കേന്ദ്രസേനയെ കൂടി ദില്ലിക്ക് നിയോഗിച്ചിട്ടുണ്ട്. ഗതാഗത ക്രമീകരണങ്ങൾ മുതൽ ഇന്റർനെറ്റ്‌ നിരോധനം വരെയുള്ള നടപടികൾ സ്വീകരിച്ച് സമരത്തെ നേരിടാനാണ് പൊലീസ് നീക്കം. 57 മെട്രോ സ്റ്റേഷനുകൾ ഇന്നലെ രാത്രി ഒൻപത് മണിമുതൽ അടച്ചിട്ടിരിക്കുകയാണ്. ഒപ്പം ജന്തർ മന്തിറിന് ചുറ്റുമുള്ള മേഖലകളിലേക്ക് ഊബർ, ഓല, റാപ്പിഡോ സൈകര്യങ്ങളും ലഭ്യമായിരിക്കില്ല. ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങൾക്ക് പുറമേ ഇന്നലെ രാത്രി പത്ത് മണി മുതൽ കർത്തവ്യപഥിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇൻ്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൻപഥ്- കർത്തവ്യപഥ് മേഖലകളിലാണ് ഇന്ന് രാത്രി പത്ത് മണിവരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മേഖലയിലുള്ള എല്ലാ ചില്ലറ മദ്യവിൽപ്പനശാലകളും ഇന്നലെയും ഇന്നുമായി അടച്ചിട്ടിരിക്കുകയാണ്. ദില്ലി പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളും നിലവിലുള്ള സാഹചര്യവും കണക്കിലെടുത്ത് പൊതു ക്രമസമാധാനം നിലനിർത്തുന്നതിനുള്ള പ്രതിരോധ നടപടിയായാണ് തീരുമാനമെടുത്തതെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. എങ്കിലും ലൈസൻസുള്ള റെസ്റ്റോറന്റുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവയിലെ മദ്യവിൽപ്പന പതിവുപോലെ തുടരുമെന്ന് ഒരു ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ജന്തർ മന്തിറിലേക്ക് ആളുകൾ എത്തുന്നത് തടയാൻ ഫരീദാബാദ്, ബദർപൂർ അതിർത്തി, പുൽ പെഹ്ലാദ്പൂർ, ഷൂട്ടിംഗ് റേഞ്ച് അതിർത്തി, മംഗർ ചൗക്ക് എന്നിവയുൾപ്പെടെ ദില്ലിയിലേക്കുള്ള എട്ട് പ്രധാന പ്രവേശന സ്ഥലങ്ങളിൽ പോലീസ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. തലസ്ഥാനത്തുട നീളമുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പൊലീസ് പരിശോധന തുടരുകയാണ് പ്രതിഷേധത്തിനായി എത്തുന്ന ആളുകളെ പ്രവേശിപ്പിക്കരുതെന്നാണ് ഇവർക്ക് നൽകിയിട്ടുള്ള പ്രധാന നിർദ്ദേശം. പ്രതിഷേധത്തിന് എത്തുന്ന ആളുകളെ കരുതൽ തടങ്കലിലിൽ പാർപ്പിക്കാനായി ഏകദേശം 15 ഓളം തടങ്കൽ കേന്ദ്രങ്ങളാണ് ദില്ലിയിലാകെ സജ്ജമാക്കിയിരിക്കുന്നത്. ഏതായാലും ഈ ക്രമീകരണങ്ങൾക്കൊണ്ടൊക്കെ പ്രതിഷേധക്കാരെ തടയാൻ സാധിക്കുമോ എന്നാണ് ഇനി നോക്കി കാണേണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടക്കാനിരിക്കെ ആയിരത്തിലധികം പേർ ഡൽഹിയിൽ കസ്റ്റഡിയിൽ; നടപടി തുടങ്ങിയത് പുലർച്ചെ
ഒറ്റയടിക്ക് 250 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവെ; 'മുൻകരുതൽ നടപടി'; നിസാമുദ്ദീൻ, ന്യൂഡൽഹി സ്റ്റേഷനുകൾ അടച്ചു