
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി ബി എസ് ഇ വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച ആദ്യ പ്രതിഷേധത്തിന് പിന്നാലെ അടുത്ത നീക്കങ്ങൾ പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). മന്ത്രി വെച്ചില്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായാണ് സി ജെ പി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി പാർട്ടി നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും. ദില്ലി ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യുവാക്കളെ ഒന്നിപ്പിച്ചു കൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ വീണ്ടും സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനൊപ്പം വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി യുവാക്കളെ അണിനിരത്തിയുള്ള വൻ പ്രതിഷേധങ്ങൾക്കാണ് സി ജെ പി ലക്ഷ്യമിടുന്നത്.
രാജ്യതലസ്ഥാനത്തെ ആദ്യ പരസ്യപ്രതിഷേധം മികച്ച ജനപിന്തുണയോടെ സമാധാനപരമായി സംഘടിപ്പിച്ച് രാജ്യവ്യാപക ശ്രദ്ധനേടിയ സി ജെ പി, അന്ന് തന്നെ പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മന്ത്രി രാജിവച്ചില്ലെങ്കിൽ സർക്കാർ ചോദിച്ച് വാങ്ങണമെന്ന് സി ജെ പി വക്താക്കൾ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച കാത്തിരിക്കും, ഇല്ലെങ്കിൽ പതിമൂന്നിന് രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിഷേധം എങ്ങനെ, എവിടെയൊക്കെയെന്നതിൽ സി ജെ പിയിൽ ആലോചന തുടരുകയാണ്. അതേസമയം പരീക്ഷാ നടത്തിപ്പ് വിവാദത്തിൽ പ്രതിഷേധം അണപൊട്ടുമ്പോഴും ധർമ്മേന്ദ്രപ്രധാനെ സംരക്ഷിക്കുന്ന നിലപാടിൽ തന്നെയാണ് കേന്ദ്രസർക്കാർ. പരീക്ഷയുടെ നടത്തിപ്പ് സ്വയംഭരണാവകാശമുള്ള സംവിധാനത്തിനാണെന്നും, സംവിധാനം പാളിയാൽ മന്ത്രി ഉത്തരവാദിയാകുന്നതെങ്ങനെയെന്നുമാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ചോദിച്ചത്. സർക്കാർ ഒളിച്ചോടില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ജന്തർ മന്തറിലെ സമരത്തിലെ പ്രാതിനിധ്യം ചർച്ചയാകുമ്പോൾ അതിന് വിമർശിച്ചും, യുവാക്കളുടെ പിന്തുണ ബി ജെ പിക്കാണെന്നും വാദിച്ചും നേതാക്കളും മന്ത്രിമാരും സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം സി ജെ പിയോട് അകലം പാലിക്കുന്നത് തുടരുകയാണ് കോൺഗ്രസ്. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സമരം തുടരുന്നുണ്ടെന്നും, മറ്റൊരു സമരത്തിൽ നിലവിൽ ഭാഗമാകേണ്ടതില്ലെന്നുമാണ് നിലപാട്. അതിനിടെ ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള സി ജെ പി വെബ്സൈറ്റിലെ ഹർജിയിൽ ഒപ്പിട്ടവരുടെ എണ്ണം ലക്ഷങ്ങൾ കടന്ന് മുന്നേറുകയാണ്. മൂന്ന് കോടിയോളം പേരാണ് നിലവിൽ സി ജെ പിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam