
ദില്ലി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി. മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ, ഇപ്പോൾ വ്യവസ്ഥകൾ ലംഘിച്ച് സമരക്കാരെ വേട്ടയാടുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി വക്താക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സമരക്കാർക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന വ്യവസ്ഥയടക്കം സർക്കാർ പാലിക്കുന്നില്ലെന്നും വ്യവസ്ഥകൾ ലംഘിച്ചാൽ ഞങ്ങൾ വീണ്ടും പ്രതിഷേധ സമരം നടത്തുമെന്നും സിജെപി പ്രതിനിധികൾ കപിൽ സിബലിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
‘’സർക്കാർ ഒറ്റക്ക് ഒറ്റക്ക് ആളുകളെ ലക്ഷ്യം വയ്ക്കുമോയെന്ന് സമരം അവസാനിച്ചപ്പോൾ ആശങ്ക ഉണ്ടായിരുന്നതാണ്. സർക്കാർ ഇപ്പോൾ ഓരോരുത്തരെയായി വേട്ടയാടുകയാണ്. ദില്ലി പൊലീസ് സമരക്കാരെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയാണ്. സിജെപി ഓരോ പ്രതിഷേധക്കാരനും സഹായം ഉറപ്പാക്കുന്നുണ്ടെന്നും, പൊലീസ് ക്രൂരത പങ്കുവയ്ക്കാൻ സാക്ഷി എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചതായും സിജെപി വിശദീകരിച്ചു.
രാജ്യത്തുടനീളം സമരവുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമം, പരാതി, ആവശ്യമായ സഹായമെല്ലാം വെബ്സൈറ്റിൽ പങ്ക് വക്കാം. വീഡിയോയും ചിത്രങ്ങളും ടെക്സ്റ്റും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാവുന്നതാണ്.
ചില സംസ്ഥാനങ്ങളിൽ പൊലീസ് അതിക്രമം നടക്കുന്നു. അസമിൽ അറസ്റ്റിലായവർക്കെല്ലാം നിയമസഹായം നൽകി വരികയാണ്. നിയമസഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കും ഭാഗമാകാം. വെബ്‌സൈറ്റിൽ എല്ലാവിവരവും ലഭ്യമാകും. അസമിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭിഭാഷകനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു. ഇവർക്ക് നിയമസഹായം നൽകാനുള്ള നടപടികൾ ആരംഭിച്ചു. മുസ്ലീം വിഭാഗത്തിൽ നിന്നുള്ള 10 പേർ അറസ്റ്റിലായി. പ്രത്യേക മതവിഭാഗത്തിനെ ലക്ഷ്യമിട്ടാണ് കേസുകളെടുക്കുന്നത്. ബീഹാറിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾല രജിസ്റ്റർ ചെയ്തിരിക്കുന്നത്. പട്നയിൽ കൊലപാതക ശ്രമം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും സിജെപി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam