ബെംഗളൂരുവിലെ ബസ്, മെട്രോ യാത്രക്കാർക്കായി പുതിയ ആപ്പ് റെഡി. 'നമ്മ ബിഎംടിസി മൊബൈൽ ആപ്പ് 2.0' എന്ന ആപ്പ് മുഖ്യമന്ത്രി ഡി കെ ശിവകുമാർ പുറത്തിറക്കി. ബസ്, മെട്രോ ടിക്കറ്റുകൾ ലഭ്യമാകും.

ബെംഗളൂരു: ബെംഗളൂരുവിലെ ബസ്, മെട്രോ യാത്രക്കാർക്കായി പുതിയ ആപ്പ് പുറത്തിറക്കി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി). 'നമ്മ ബിഎംടിസി മൊബൈൽ ആപ്പ് 2.0' എന്ന പേരിലാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണ് പുതിയ ആപ്പ് പുറത്തിറക്കിയത്. ബസ്, മെട്രോ ടിക്കറ്റുകൾ ലഭ്യമാകുമെന്നതാണ് ആപ്പിൻ്റെ പ്രധാന സവിശേഷത. കൂടാതെ, ബസുകളുടെ സമയം, ലൊക്കഷൻ, റൂട്ടുകൾ, സ്റ്റോപ്പുകൾ തുടങ്ങിയ വിവരങ്ങളും ആപ്പിലൂടെ അറിയാനാകും.

ബിഎംടിസിയുടെ മുമ്പത്തെ ആപ്പ് അപ്ഗ്രേഡ് ചെയ്താണ് കൂടുതൽ സേവനങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ ആപ്പ് പുറത്തിറക്കിയത്. ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സേവനങ്ങൾ ഒരു ആപ്പിലൂടെ ലഭ്യമാകും എന്നതാണ് 'നമ്മ ബിഎംടിസി മൊബൈൽ ആപ്പ് 2.0'യുടെ പ്രത്യേകത.

ബിഎംടിസിയുടെ എക്സ്പ്രസ്, ഓർഡിനറി, വജ്ര ഗോൾഡ്, വായു വജ്ര എന്നീ വിഭാഗങ്ങളിലുള്ള ബസുകളുടെ ടിക്കറ്റും വിവിധ പാസുകളും യാത്രക്കാർക്ക് ആപ്പിലൂടെ ലഭ്യമാകും. നമ്മ മെട്രോയുടെ ക്യൂആർ ടിക്കറ്റുകളാണ് യാത്രക്കാർക്ക് ലഭിക്കുക. യുപിഐ, മൊബൈൽ വാലറ്റ്, മറ്റ് ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനങ്ങൾ ആപ്പിൽ ഉണ്ട്. കൂടാതെ, കന്നഡയ്ക്ക് പുറമേ ഇംഗ്ലീഷ് ഭാഷയും ആപ്പിൽ ലഭ്യമാണ്. യാത്രക്കാർക്ക് പ്ലേസ്റ്റോറിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാം.

ബസിലും മെട്രോയിലും യാത്ര ചെയ്യാം; പുതിയ ട്രാവൽ കാർഡും എത്തി

ബെംഗളൂരുവിലെ യാത്രക്കാർക്ക് ബിഎംടിസി ബസുകളിലും നമ്മ മെട്രോയിലും യാത്ര ചെയ്യാൻ അനുവദിക്കുന്ന പുതിയ ട്രാവൽ കാർഡും പുറത്തിറക്കി. വ്യാഴാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണ് നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) പുറത്തിറക്കിയത്. 2023 മെയ് മാസം മുതൽ എൻസിഎംസി കാർഡുകൾ മെട്രോയിൽ ഉപയോഗിക്കാൻ കഴിയുമായിരുന്നെങ്കിലും ബിഎംടിസി ബസുകളിൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം അനുവദനീയമായിരുന്നില്ല. എന്നാൽ ഇപ്പോൾ യാത്രക്കാർക്ക് എൻസിഎംസി കാർഡുകൾ ഉപയോഗിച്ച് ബസിലും മെട്രോയിലും യാത്ര ചെയ്യാം.

വൺ കർണാടക മൊബിലിറ്റി ആപ്പ്

സംസ്ഥാനത്തെ വിവിധ ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ടിക്കറ്റുകൾ ഒരുകൂടക്കീഴിൽ യാത്രക്കാർക്ക് ലഭ്യമാക്കാനായി വൺ കർണാടക മൊബിലിറ്റി ആപ്പും സർക്കാർ പുറത്തിറക്കി. കെഎസ്ആർടിസി, എൻഡബ്ലുകെആർടിസി, കെകെആർടിസി, ബിഎംടിസി എന്നീ കോർപറേഷനുകൾക്ക് കീഴിലുള്ള ബസുകളുടെ ടിക്കറ്റുകൾ യാത്രക്കാർക്ക് ആപ്പിലൂടെ എടുക്കാം. കെഎസ്ആർടിസി, എൻഡബ്ലുകെആർടിസി, കെകെആർടിസി ബസുകൾക്കായി വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനവും ആരംഭിച്ചു. +91 6364940880 എന്ന നമ്പർ ഉപയോഗിച്ച് യാത്രക്കാർക്ക് വാട്സ്ആപ്പിലൂടെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം.