വേദകാല ഗണിതത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഊതിപ്പെരുപ്പിച്ചവയാണെന്ന് അമര്‍ത്യ സെന്‍

By Web TeamFirst Published Jan 8, 2020, 3:58 PM IST
Highlights

രാജ്യത്തെ ഒരു വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മായികലോകം തീര്‍ക്കാനേ അവ ഉപകരിക്കൂ. ഇന്ത്യന്‍ ദേശീയവാദികള്‍ക്ക് മാത്രമേ അവ സ്വീകാര്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. 

ബംഗളൂരു: വേദകാല ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളെ  പ്രതിരോധിക്കണമെന്ന്  നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഒരു വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മായികലോകം തീര്‍ക്കാനേ അവ ഉപകരിക്കൂ. ഇന്ത്യന്‍ ദേശീയവാദികള്‍ക്ക് മാത്രമേ അവ സ്വീകാര്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ ഗണിതശാസ്ത്രത്തിന്‍റെ സുവര്‍ണകാലം ഒരിക്കലും വേദകാലത്തായിരുന്നില്ല. എന്നാല്‍,  അത് അങ്ങനെയായിരുന്നെന്നാണ് ഇപ്പോള്‍ ഒരു വിഭാഗം അവകാശപ്പെടുന്നത്. ഇന്ത്യയില്‍ ഗണിതശാസ്ത്ര വിപ്ലവം നടന്നത് ആര്യഭടന്‍റെ നേതൃത്വത്തിലാണ്. അദ്ദേഹം ജനിച്ചത് എഡി 476ലാണ്. അദ്ദേഹം തുടങ്ങിവച്ചതിനെ ബ്രഹ്മഗുപ്തനും ഭാസ്കരയും അടക്കമുള്ളവര്‍ പിന്തുടരുകയായിരുന്നു. 

ഇതിനൊക്കെ വിരുദ്ധമായാണ് ദേശീയവാദികള്‍ ഇപ്പോള്‍ അവകാശവാദങ്ങളുന്നയിക്കുന്നത്. ദേശീയതാബോധത്തിലത് പര്യാപ്തമായിരിക്കും. എന്നാല്‍, വിശാലമായ അര്‍ത്ഥത്തില്‍ അത് ലോകബോധത്തില്‍ നിന്ന് ഭിന്നമായതും നമ്മള്‍ മറ്റുള്ളവരില്‍ നിന്ന് പഠിച്ചതില്‍ നിന്ന് വ്യത്യസ്തമായതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് പുരാതന ഇന്ത്യ ഒരു ദ്വീപായിരുന്നു എന്ന കാഴ്ച്ചപ്പാടിനെയാണ്. അങ്ങനെ നോക്കിക്കാണുന്നവര്‍ ചിന്തിക്കുന്നത് ഇവിടെ നടന്ന കണ്ടുപിടിത്തങ്ങളും നിര്‍മ്മിതികളും ആ ഒറ്റപ്പെടലില്‍ നിന്നുണ്ടായതാണ് എന്നാണ്. എന്നാല്‍, അത് പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന വാദമാണെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. അത്തരം തെറ്റിദ്ധാരണകള്‍ തീവ്രദേശീയ വാദികളെ മാത്രമേ സന്തോഷിപ്പിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

click me!