'എന്നെ കൊല്ലാനാണ് നോക്കിയത്', എബിവിപി പ്രവർത്തകർക്കെതിരെ ഐഷി ഘോഷ് പരാതി നൽകി

Published : Jan 08, 2020, 03:29 PM ISTUpdated : Jan 08, 2020, 04:50 PM IST
'എന്നെ കൊല്ലാനാണ് നോക്കിയത്', എബിവിപി പ്രവർത്തകർക്കെതിരെ ഐഷി ഘോഷ് പരാതി നൽകി

Synopsis

കൊലപാതക ശ്രമത്തിനാണ് ഐഷി ഘോഷ്  ദില്ലി പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ജനുവരി അഞ്ചിന് നടന്ന ആക്രമണത്തില്‍ ഐഷിയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. 

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് എബിവിപിക്കെതിരെ പരാതി നല്‍കി. വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഐഷി ദില്ലി പൊലീസിൽ പരാതി നല്‍കിയത്. ജനുവരി അഞ്ചിന് നടന്ന ആക്രമണത്തില്‍ ഐഷിയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. 

ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഐഷിയുടെ തലയ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് മുറിവേറ്റു ചോരയില്‍ കുളിച്ച ഐഷിയുടെ ചിത്രം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എയിംസില്‍ ചികിത്സ തേടിയ ഐഷി ഇരുപത്തിനാല് മണിക്കൂറിനകം തിരികെ ക്യാമ്പസിലെത്തി സമരം നയിച്ചു. ആശുപത്രി വിട്ട ശേഷം മാധ്യമങ്ങളെ കാണുകയും എബിവിപിയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. 

Also Read: 'ചുറ്റികയെടുത്ത് തല അടിച്ചു പൊളിക്കാൻ ശ്രമം, വാക്കുകൾ കൊണ്ട് നേരിടും', ഐഷി ഘോഷ്

അതേസമയം, ജെഎന്‍യുവില്‍ അക്രമികള്‍ അഴിഞ്ഞാടിയിട്ട് മൂന്ന് ദിവസമായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ദില്ലി പൊലീസിനായിട്ടില്ല. പേരിനൊരു എഫ്ഐആര്‍ ഇട്ടതൊഴിച്ചാല്‍ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. ജെഎന്‍യു സംഭവത്തിലെ അക്രമികളെ പിടികൂടാന്‍ പത്രപരസ്യം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ദില്ലി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളൊന്നും ലഭ്യമാകാത്ത സാഹചര്യത്തിലാണ് മൊബൈല്‍ ദൃശ്യങ്ങള്‍ തേടി പൊതു ജനങ്ങളെ പൊലീസ് സമീപിക്കുന്നത്. 

സംഭവ ദിവസം സര്‍വകലാശാലയുടെയും പരിസര പ്രദേശങ്ങളുടെയും പരിധിയില്‍ വന്ന പതിനായിരത്തോളം മൊബല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും നിര്‍ണ്ണായകമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് സൂചന. അക്രമത്തിന്‍റെ  ഉത്തരവാദിത്തം ഏറ്റെടുത്ത ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കി ചൗധരിയെ ഇരുപത്തിനാല് മണിക്കൂര്‍ കഴി‍ഞ്ഞിട്ടും കസ്റ്റഡിയിലെടുത്തിട്ടില്ല. ഇതിനിടെ, വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിന്‍റെ വീഴ്ചയില്‍  കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വിസിയോട് നേരിട്ട് ഹാജരാകാൻ മാനവ വിഭവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. വൈസ് ചാന്‍സിലറെ മാറ്റണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരിന് മേല്‍ ശക്തമാകുന്നുണ്ട്.

അതേസമയം, ക്യാമ്പസില്‍ സമാധാനം പുനസ്ഥാപിക്കാനാണ് വൈസ് ചാൻസിലർ എം ജഗദേഷ് കുമാറിന്‍റെ ശ്രമം. താൽപര്യമുള്ളവർക്ക് ശൈത്യകാല സെമസ്റ്റർ രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കും എന്ന് വിസി അറിയിച്ചു. അതിനിടെ, കനിമൊഴി എം പി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സന്ദര്‍ശിച്ചു. ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥികളെ കണ്ട് കനിമൊഴി പിന്തുണ അറിയിച്ചു. കോൺഗ്രസ് വസ്തുത അന്വേഷണ സമിതി സർവകലാശാല ഡീനുമായി കൂടിക്കാഴ്ച്ച നടത്തി.

ആരാണ് ഐഷി ഘോഷ് ?

പശ്ചിമ ബംഗാളിലെ ദുർഗാപൂർ സ്വദേശിയായ ഐഷി ഘോഷ് ഇപ്പോൾ ജെഎൻയുവിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനിയാണ്. ജെഎൻയുവിൽ എംഫിലിന്‌ ചേരും മുമ്പ് ദില്ലി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദപഠനം പൂർത്തിയാക്കിയിരുന്നു ഐഷി. ജെഎൻയുവിൽ കഴിഞ്ഞ പതിമൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം എസ്എഫ്ഐക്കുണ്ടാകുന്ന ഒരു  യൂണിയൻ പ്രസിഡണ്ടാണ് ഐഷി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, പരിതാപാവസ്ഥയിലായിരുന്ന ഹോസ്റ്റലുകളെയും, റീഡിങ് റൂമുകളെയും പുനരുദ്ധരിക്കാൻ വേണ്ടി  അവർ നടത്തിയ സജീവമായ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

Also Read: ആരാണ് ഐഷി ഘോഷ് എന്ന ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ 'തീപ്പൊരി' പ്രസിഡന്റ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനത്ത പുകമഞ്ഞ്: ദില്ലി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി, വലഞ്ഞ് നിരവധി മലയാളികൾ
പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു