ചിന്ത്വാരയിലെ സർക്കാർ ആശുപത്രി ടോയ്‌ലറ്റിലെ ക്ലോസറ്റിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണത്തിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പ്രസവ ശേഷം തെളിവ് നശിപ്പിക്കാനായി കുഞ്ഞിനെ ഫ്ലഷ് ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നു.
ഭോപ്പാൽ: വിഷം കലർന്ന ചുമ മരുന്ന് ഉപയോഗിച്ച് 20ലധികം കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ മധ്യപ്രദേശിലെആശുപത്രിയിൽ നിന്ന് വീണ്ടും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്ത. ചിന്ത്വാരയിലെ സർക്കാർ ആശുപത്രിയിലാണ് തിങ്കളാഴ്ച രാത്രി ഒരു നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രി ടോയ്ലെറ്റിലെ ക്ലോസറ്റിൽ നിന്നും കണ്ടെത്തിയത്. ശുചീകരണത്തിനിടെ ഫ്ലഷ് ബ്ലോക്ക് ആയതിനെത്തുടർന്ന് വനിതാ ശുചീകരണ തൊഴിലാളി പരിശോധിച്ചപ്പോഴാണ് ഫ്ലഷിൽ കുടുങ്ങിയ നിലയിൽ നവജാത ശിശുവിന്റെ കൈ കണ്ടെത്തിയത്. ഇവർ ഉടൻ തന്നെ ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചു. ദീർഘനേരം നടത്തിയ ശ്രമങ്ങൾക്ക് ശേഷം ക്ലോസറ്റ് പൊളിച്ചാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. അപ്പോഴേക്കും കുഞ്ഞ് മരിച്ച് മണിക്കൂറുകൾ പിന്നിട്ടിരുന്നു.
സംഭവം പൊലീസിൽ അറിയിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തിൽ തിങ്കളാഴ്ച ആശുപത്രിയിൽ ആന്റിനേറ്റൽ പരിശോധനയ്ക്ക് എത്തിയ 15 ഗർഭിണികളിൽ 14 പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഒരാളെ മാത്രം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ശൗചാലയത്തിനുള്ളിൽ പ്രസവം നടന്നതായും, തെളിവുകൾ നശിപ്പിക്കാൻ കുഞ്ഞിനെ ഫ്ലഷ് ചെയ്തതാകാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള 26 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.


