സുവേന്ദു അധികാരിയെ പുകഴ്ത്തി പാർട്ടി വക്താവ്, പിന്നാലെ പുറത്താക്കി; ബം​ഗാളിൽ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂലിൽ കലാപം

Published : May 11, 2026, 10:35 AM ISTUpdated : May 11, 2026, 10:38 AM IST
mamatha banerjee

Synopsis

സുവേന്ദു അധികാരിയെ പുകഴ്ത്തി പാർട്ടി വക്താവ് രം​ഗത്തെത്തിയതോടെ വക്താവിനെ പുറത്താക്കി. ഐപാക്കിനെ പോലുള്ള പുറത്തുനിന്നുള്ള ഏജൻസിയെ എല്ലാം ഏല്പിച്ചതിൻ്റെ ഉത്തരവാദിത്വം അഭിഷേക് ബാനർജിക്കാണെന്നും തന്നെ പുറത്താക്കിയത് താൻ നെപ്പോ കിഡ് അല്ലാത്തത് കൊണ്ടെന്നും യുവ നേതാവ് റിജു ദത്ത

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കലാപം. സുവേന്ദു അധികാരിയെ പുകഴ്ത്തി പാർട്ടി വക്താവ് രം​ഗത്തെത്തിയതോടെ വക്താവിനെ പുറത്താക്കി. ഐപാക്കിനെ പോലുള്ള പുറത്തുനിന്നുള്ള ഏജൻസിയെ എല്ലാം ഏല്പിച്ചതിൻ്റെ ഉത്തരവാദിത്വം അഭിഷേക് ബാനർജിക്കാണെന്നും തന്നെ പുറത്താക്കിയത് താൻ നെപ്പോ കിഡ് അല്ലാത്തത് കൊണ്ടെന്നും യുവ നേതാവ് റിജു ദത്ത പ്രതികരിച്ചു. അഴിമതി നിറഞ്ഞ സർക്കാരിന് കിട്ടിയ അർഹിക്കുന്ന ജനവിധിയാണിതെന്ന് മുൻ മന്ത്രി മനോജ് തിവാരി കുറ്റപ്പെടുത്തി.

മുതിർന്ന നേതാവ് കൃഷ്ണേന്ദു നാരായൺ, കൊൽക്കത്ത ഡെപ്യൂട്ടി മേയർ അതിൻ ഘോഷ്, സ്ഥാനാർഥിയായിരുന്ന രത്ന ഘോഷ് എന്നിവരും അഭിഷേക് ബാനർജിയുടെ രീതി തോൽവിക്ക് കാരണം എന്നാരോപിച്ച് രംഗത്തെത്തി. നിർണായക സമയത്ത് നേതൃത്വവുമായി ബന്ധപ്പെടാൻ നേതാക്കൾക്ക് ആയില്ലെന്നും വിമർശനം ഉയർന്നു. എന്നാൽ വ്യക്തിപരമായ പ്രസ്താവനകൾ പാർട്ടിയുടേത് അല്ലെന്ന് പറഞ്ഞു തള്ളുകയാണ് തൃണമൂൽ.

സുവേന്ദു അധികാരിയാണ് ബം​ഗാളിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പശ്ചിമബം​ഗാളിലെ ബിജെപിയുടെ പോരാട്ട വീര്യത്തിന്റെ പര്യായമാണ് സുവേന്ദു അധികാരി. മരുമകൻ അഭിഷേക് ബാനർജിയെ മമത പാർട്ടിയിലെ രണ്ടാമനാക്കിയതിന് പിന്നാലെയാണ് സുവേന്ദു തൃണമൂൽ കോൺ​ഗ്രസ് വിട്ടത്. ടിഎംസിയുടെ എല്ലാ കളികളും അറിയാവുന്ന, മമതയുടെ ബദ്ധവൈരിയായ സുവേന്ദു മുഖ്യമന്ത്രിയാകുമ്പോൾ ബം​ഗാൾ ഇനി സാക്ഷിയാകാൻ പോകുന്നത് ഒരുപാട് നാടകീയ സംഭവങ്ങൾക്കായിരിക്കും.

ബം​ഗാളിൽ കഴിഞ്ഞ അഞ്ച് വർഷമായി ബിജെപിയുടെ കുന്തമുനയാണ് സുവേന്ദു അധികാരി. തൃണമൂൽ കോൺ​ഗ്രസിനോട് നേരിട്ട് പോരടിച്ച് നിയമസഭയ്ക്കകത്തും പുറത്ത് തെരുവിലും സുവേന്ദു നടത്തിയ പോരാട്ടം ബിജെപിയുടെ ചരിത്ര വിജയത്തിൽ നിർണായകമായി. പല സംസ്ഥാനങ്ങളിലെയും പോലെ നയിക്കാൻ ഒരു മുഖമില്ലെന്ന പ്രതിസന്ധി ബം​ഗാളിൽ ബിജെപിക്കില്ല. ദിലീപ് ഘോഷടക്കം മികച്ച നേതാക്കൾ ഉണ്ടായിരിക്കേയും കഴിഞ്ഞ അഞ്ച് വർഷം കൊണ്ടാണ് അടിക്ക് തിരിച്ചടിയെന്ന ശൈലിയിലുള്ള പ്രവർത്തനങ്ങളിലൂടെ സുവേന്ദു പാർട്ടിയിൽ ഒന്നാമനായത്.

1970 ൽ പൂർബ മേദിനിപൂരിലെ കാന്തിയിൽ ജനിച്ച സുവേന്ദുവിന് ഇപ്പോൾ 55 വയസാണ്. രണ്ടാം യുപിഎ സർക്കാറിൽ കേന്ദ്രമന്ത്രിയായിരുന്ന മുതിർന്ന നേതാവ് ശിശിർ അധികാരിയുടെ മകനാണ്. 1995 ൽ യൂത്ത് കോൺ​ഗ്രസിലൂടെ രാഷട്രീയത്തിലെത്തിയ സുവേന്ദു 1998ൽ അച്ഛനോടൊപ്പമാണ് മമത ബാനർജിയുടെ ടിഎംസിയിലെത്തിയത്. സിപിഎമ്മിന്റെ കോട്ടയായിരുന്ന മേദിനിപൂർ മേഖലയിൽ ടിഎംസിയെ വളർത്തിയതിൽ അധികാരി കുടുംബത്തിന് നിർണായക പങ്കുണ്ട്. മമത ബാനർജിയുടെ വളർച്ചയിൽ നിർണായകമായ 2007 ലെ നന്ദി​ഗ്രാമിലെ ഭൂമിയേറ്റെടുപ്പിനെതിരായ സമരത്തിന്റെ പ്രധാന ആസൂത്രകൻ അന്ന് എംഎൽഎയായ സുവേന്ദുവായിരുന്നു. 2009 ലും 2014ലും താംലൂക് മണ്ഡലത്തിൽനിന്നും വിജയിച്ച് എംപിയായി. 2016 ൽ മന്ത്രിയായി. 2017 ൽ മുകുൾ റോയ് ടിഎംസി വിട്ട് ബിജെപിയിലേക്ക് പോയതിന് പിന്നാലെ സുവേന്ദു പാർട്ടിയിലെ പ്രധാന തന്ത്രജ്ഞനായി. എന്നാൽ അഭിഷേക് ബാനർജി പാർട്ടിയിൽ പിടിമുറുക്കിയതിന് പിന്നാലെ സ്വാഭാവികമായി മമതയുടെ പിൻ​ഗാമിയാകുമെന്ന് കരുതിയ സുവേന്ദു മമതയുമായി അകന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 2020 ൽ എല്ലാവരെയും ഞെട്ടിച്ച് സുവേന്ദു ബിജെപിയിൽ ചേർന്നു. അമിത് ഷാ നേരിട്ടിടപെട്ടാണ് സുവേന്ദുവിനെ ബിജെപിയിലെത്തിച്ചത്.

അടിക്ക് തിരിച്ചടിയെന്ന തനത് ശൈലിയിലൂടെയും തീവ്ര ഹിന്ദുത്വ നിലപാടിലൂടെയും സുവേന്ദു പെട്ടെന്ന് സംസ്ഥാനത്ത് പേരെടുത്തു. അപകടം മണത്ത മമത ബാനർജി നന്ദി​ഗ്രാമിൽ സുവേന്ദുവിനെ വീഴ്ത്താൻ മത്സരിച്ചെങ്കിലും തോറ്റു. മേഖലയിൽ 9 സീറ്റുകളിൽ ബിജെപിയെ വിജയിപ്പിച്ച് സുവേന്ദു വരവറിയിച്ചു. നിയമസഭയിൽ പ്രതിപക്ഷ നേതാവായതോടെ സുവേന്ദു മമത പോര് മൂർദ്ധന്യത്തിലായി. ഇത്തവണ മമതയ്ക്കെതിരെ സുവേന്ദു ഭവാനിപൂരിൽ മത്സരിച്ച് കണക്ക് തീർത്തു. പതിനയ്യായിരത്തിലധികം വോട്ടിന് വിജയിച്ചത് മമത ബാനർജിക്ക് ഇരട്ടിപ്രഹരമായി. തെരുവിൽ പോരടിച്ച് വളർത്തിയ തൃണമൂൽ കോൺ​ഗ്രസിന്റെ എല്ലാ കളികളും അറിയുന്ന സുവേന്ദു മുഖ്യമന്ത്രിയാകുമ്പോൾ പിടിച്ചു നിൽക്കാൻ മമത ബാനർജി എന്തൊക്കെ ചെയ്യുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്, ചാർ ധാം തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശം
ഇനി വിജയ് Vs ഉദയനിധി സ്റ്റാലിൻ; നിയമസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്‍യും ഉദയനിധി സ്റ്റാലിനും