
ദില്ലി: ദില്ലിയിലെ തുർക്ക്മാൻ ഗേറ്റിനടുത്തെ സയിദ് ഫയിസ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള കൈയ്യേറ്റം ഒഴിപ്പിക്കാൻ ഇന്ന് പുലർച്ചെ നടന്ന നീക്കത്തിനിടെ സംഘർഷം. കല്ലേറിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. സംഘർഷത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് മസ്ജിദുമായി ചേർന്നുള്ള കൈയ്യേറ്റം ഒഴിപ്പിച്ചതെന്ന് ദില്ലി പൊലീസും ദില്ലി മുനിസിപ്പൽ കോർപ്പറേഷനും വിശദീകരിച്ചു.
പഴയ ദില്ലിയിലേക്കുള്ള കവാടങ്ങളിലൊന്നായ തുർക്ക്മാൻ ഗേറ്റിനടുത്ത് അർദ്ധ രാത്രിക്കു ശേഷമാണ് നാടകീയ നീക്കങ്ങളുണ്ടായത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള സയിദ് ഫയിസ് ഇലാഹി മസ്ജിദുമായി ചേർന്നുള്ള കൈയ്യേറ്റം ഒഴിപ്പിക്കാൻ മുപ്പതിലധികം ബുൾഡോസറുകളുമായാണ് ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തിയത്. ദില്ലി പൊലീസിനെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും സ്ഥലത്ത് വിന്യസിച്ച് ഈ മേഖലയിലേക്കുള്ള റോഡുകൾ അടച്ചു. തുർക്ക്മാൻ ഗേറ്റിന് ചേർന്നുള്ള വഴിയിലൂടെ പെട്ടെന്ന് ഒരു സംഘം പ്രതിഷേധിച്ച് സ്ഥലത്തെത്തി. ഇവരിൽ ചിലർ പൊലീസിനെതിരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ അഞ്ചു പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. കണ്ണീർ വാതകം പ്രയോഗിച്ചതോടെ ഇവർ പിന്തിരിഞ്ഞോടി.
ഇതിനു ശേഷം ഒരു മണിയോടെ തുടങ്ങിയ ഒഴിപ്പിക്കൽ ഇന്ന് രാവിലെ ഏഴിനാണ് പൂർത്തിയായത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന പത്തൊമ്പത് സെൻ്റിന് പുറത്തുള്ള എല്ലാം ഉദ്യോഗസ്ഥർ ഇടിച്ചു നിരത്തി. മസ്ജിദിൻ്റെ ചുവരിനോട് ചേർന്ന് കെട്ടിയിരുന്ന ഹാളും സ്വകാര്യ ഡിസ്പെൻസറിയും കടകളും ഇടിച്ചു തകർത്തു. രാംലീല മൈതാനിയുമായി ചേർന്നുള്ള ഈ സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കാനുള്ള നടപടി തുടരുകയാണ്. ഒഴിപ്പിക്കലിനെതരിരെ മസ്ജിദ് കമ്മിറ്റി വീണ്ടും കോടതിയിൽ ഹർജി നൽകിയിരുന്നു. പൊലീസിനെതിരെ കല്ലെറിഞ്ഞ അഞ്ചു പേരെ അറസ്റ്റു ചെയ്തു. കൈയ്യേറ്റം മാത്രമാണ് ഒഴിപ്പിക്കുന്നതെന്ന് നേരത്തെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണെന്ന് ദില്ലി പൊലീസ് ഡിസിപി നിധിൻ വൽസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ തുർക്ക്മാൻ ഗേറ്റിലെ അനധികൃത കോളനികൾ പൊളിച്ചത് വിദേശത്തടക്കം ചർച്ചയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam