
സേലം: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നന്നതിനിടെ സ്‌കൂള്‍ ബസില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മർദ്ദനമേറ്റ വിദ്യാർഥി മരിച്ചു. സഹപാഠിയുടെ മർദ്ദനമേറ്റ് കുഴഞ്ഞ് വീണ ഒമ്പതാംക്ലാസുകാരനാണ് മരിച്ചത്. സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ കണ്ടഗാരു(14) ആണ് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തില്‍ സഹപാഠിയായ ഒമ്പതാംക്ലാസുകാരനെതിരേ പൊലീസ് കേസെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സഹപാഠികളായ വിദ്യാർഥികൾ തമ്മില്‍ സ്‌കൂള്‍ബസില്‍വെച്ച് വാക്കേറ്റമുണ്ടായത്. ബസില്‍ ഇവരിലൊരാളിരുന്ന സീറ്റിനെച്ചൊല്ലിയായിരുന്നു വഴക്കെന്നാണ് പുറത്ത് വരുന്ന വിവരം. തർക്കത്തിനിടെ സഹപാഠി കണ്ടഗാരുവിന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. മർദ്ദനമേറ്റ വിദ്യാർഥി ബസിനുള്ളില്‍ തലയിടിച്ച് വീണു, പിന്നാലെ കുട്ടിയുടെ ബോധം പോയി.
സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവര്‍ ഉടന്‍ ബസില്‍ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സേലത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ കുട്ടി മരിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സഹപാഠിക്കെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന്‍റെ പ്രതിഷേധം ഭയന്ന് പെലീസ് സ്‌കൂളിന് സുരക്ഷയുമൊരുക്കിയിട്ടുണ്ട്.
Read More : 'മനുഷ്യരക്തം വീഴ്ത്തണം, ബലിയർപ്പിച്ചാൽ നിധി'; ജ്യോത്സ്യന്‍റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ കൊന്ന് യുവാവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam