അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുലായത്തിനും അഖിലേഷിനും സിബിഐ ക്ലീൻ ചിറ്റ്

By Web TeamFirst Published May 21, 2019, 11:52 AM IST
Highlights

സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ, മുലായത്തിനും അഖിലേഷിനുമെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും കേസന്വേഷണം 2013 ആഗസ്റ്റിൽ അവസാനിപ്പിച്ചതാണെന്നും വ്യക്തമാക്കിയത്.

ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സമാജ്‍വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിനും മകൻ അഖിലേഷ് യാദവിനും ആശ്വാസം. ഇരുവർക്കുമെതിരെ നടത്തിയ അന്വേഷണത്തിൽ തെളിവൊന്നും കണ്ടെത്താനായില്ലെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സിബിഐ വ്യക്തമാക്കി. ഒരു തെളിവും ലഭിക്കാതിരുന്നതിനെത്തുടർന്ന് 2013 ആഗസ്റ്റിൽ കേസന്വേഷണം അവസാനിപ്പിച്ചെന്നും ഇരുവർക്കും ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള സത്യവാങ്മൂലം പറയുന്നു.

കേസിന്‍റെ തൽസ്ഥിതി വിവരം അറിയിക്കാനാവശ്യപ്പെട്ടപ്പോഴാണ് സിബിഐ സുപ്രീംകോടതിയിൽ കേസ് അവസാനിപ്പിച്ചെന്ന് കാണിച്ച് സത്യവാങ്മൂലം നൽകിയത്. ഇരുവർക്കുമെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നും സിബിഐ അറിയിച്ചു. 
മുലായം സിംഗിനെതിരെ കോൺഗ്രസ് നേതാവായ വിശ്വനാഥ് ചതുർവേദിയാണ് 2005-ൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ഹർജി നൽകിയത്. മുലായം, മകൻ അഖിലേഷ്, ഭാര്യ ഡിംപിൾ, മുലായത്തിന്‍റെ ഇളയമകൻ പ്രതീക് എന്നിവർക്കെതിരെ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് നിർദേശം നൽകണമെന്നായിരുന്നു ഹർജി. അധികാരം ഉപയോഗിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചെന്നും, ഇതിന് കൃത്യമായ രേഖകളില്ലെന്നും വിശ്വനാഥ് ചതുർവേദിയുടെ ഹർജിയിൽ പറഞ്ഞിരുന്നു.

കേസ് പരിഗണിച്ച സുപ്രീംകോടതി 2007 മാർച്ച് 1-ന് കേസ് അന്വേഷണം സിബിഐക്ക് വിട്ടു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ശരിയോ തെറ്റോ എന്ന് അറിയിക്കാനാണ് സുപ്രീംകോടതി സിബിഐയ്ക്ക് നിർദേശം നൽകിയത്. 

2012-ൽ ഇതിനെതിരെ മുലായവും മക്കളും പുനഃപരിശോധനാഹർജി നൽകിയെങ്കിലും സുപ്രീംകോടതി ഇത് തള്ളി. അന്വേഷണവുമായി മുന്നോട്ടുപോകാനും സുപ്രീംകോടതി സിബിഐക്ക് നിർദേശം നൽകി. അതേസമയം, ഡിംപിൾ യാദവിനെതിരായ അന്വേഷണം നടത്തേണ്ടതില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സർക്കാർ പദവികളൊന്നും ഡിംപിൾ വഹിച്ചിരുന്നില്ലെന്ന് കാട്ടിയായിരുന്നു ഇത്. ഒപ്പം, അന്വേഷണത്തിന്‍റെ സ്ഥിതി വിവര റിപ്പോർട്ടുകൾ സർക്കാരിന് മുന്നിലല്ല, കോടതിക്ക് മുന്നിൽ സമർപ്പിക്കണമെന്നും സിബിഐയോട് സുപ്രീംകോടതി പഴയ ഉത്തരവ് തിരുത്തിക്കൊണ്ട് പറഞ്ഞു. 

ഈ കേസുമായി ബന്ധപ്പെട്ട് 2019 മാർച്ച് 29-ന് സ്ഥിതിവിവരറിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി സിബിഐയോട് നിർദേശിച്ചു. ഇതിനെതിരെ മുലായം സിംഗ് യാദവ് രംഗത്ത് വന്നിരുന്നു. സിബിഐയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പല തവണ പരിശോധിച്ചിട്ടും തെളിവൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മുലായം സിംഗ് യാദവ് പറഞ്ഞിരുന്നു. വീണ്ടും ഈ കേസ് കുത്തിപ്പൊക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് തന്‍റെയും കുടുംബത്തിന്‍റെയും പേര് മോശമാക്കാനാണെന്നും മുലായം ആരോപിച്ചു. 

സുപ്രീംകോടതി നിർദേശിച്ച പ്രകാരം നൽകിയ സ്ഥിതിവിവരറിപ്പോർട്ടിലാണ് ഇരുവർക്കും ക്ലീൻചിറ്റ് നൽകിക്കൊണ്ട് സിബിഐ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. 

click me!