ശാരദ ചിട്ടി തട്ടിപ്പ്: അറസ്റ്റ് തടയില്ല, രാജീവ് കുമാറിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി

By Web TeamFirst Published May 21, 2019, 11:28 AM IST
Highlights

അറസ്റ്റ് തടഞ്ഞ നടപടി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണർ സുപ്രീംകോടതിയെ സമീപിച്ചത്. 

ദില്ലി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ഹർജി ഉടൻ കേൾക്കണമെന്ന കൊൽക്കത്ത മുൻ കമ്മിഷണർ രാജീവ് കുമാറിന്‍റെ ആവശ്യം കോടതി നിരാകരിച്ചു. അറസ്റ്റ് തടഞ്ഞ നടപടി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണർ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് തടഞ്ഞ ഉത്തരവ് കോടതി പിൻവലിച്ചത്. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തെളിവു നശിപ്പിച്ചെന്നാണ് സിബിഐ വാദം. 

വൻ തുക മടക്കിക്കൊടുക്കുമെന്ന് വിശ്വസിപ്പിച്ച് സാധാരണക്കാരിൽ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് 2014 ൽ രജിസ്റ്റര്‍ ചെയ്ത  ശാരദാ ചിട്ടിതട്ടിപ്പ് കേസ്. സമൂഹത്തിലെ പ്രമുഖര്‍ ഉൾപ്പെട്ട 200 ഓളം കന്പനികളുടെ കൺസോഷ്യമായിരുന്നു ചിട്ടി കന്പനിക്ക് പിന്നിൽ . അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കുന്നത്. 

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍ . സുപ്രീം കോടതി തന്നെ നിര്‍ദ്ദശിച്ച് കേസ് സിബിഐ ഏറ്റെടുത്തപ്പോൾ കേസ് ഡയറിയും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്നാണ് ആരോപണം. ഇതെ തുടര്‍ന്നാണ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വീട്ടിൽ സിബിഐ സംഘം പരിശോധനയ്ക്ക് എത്തുന്നത്. സിബിഐ റെയ്ഡ് തടഞ്ഞതും നാടകീയ രംഗങ്ങൾക്ക് ഇടയാക്കിയിരുന്നു. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!