
ദില്ലി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറക്കുന്നതിനായും പുകമഞ്ഞ് നിയന്ത്രിക്കുന്നതിനായും ദില്ലിയിലെ പല ഭാഗങ്ങളിലും കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടി ആരംഭിച്ചു. വിമാനങ്ങൾ ഉപയോഗിച്ച് ക്ലൗഡ് സീഡിങ് നടത്തി. ക്ലൗഡ് സീഡ് വഹിച്ചുകൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂരിൽ നിന്നുള്ള വിമാനമാണ് പറന്നത്. വടക്കൻ ദില്ലിയിലെ ഈർപ്പം നിറഞ്ഞ മേഘങ്ങൾക്ക് മുകളിലൂടെ ക്ലൗഡ് സീഡിങ് നടത്തിയത്. സിൽവർ അയോഡൈഡ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കളാണ് ക്ലൗഡ് സീഡിങ്ങിന് ഉപയോഗിക്കുക.
ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കുന്നത് വായു മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. 15 മിനിറ്റ് മുതൽ 4 മണിക്കൂറിനുള്ളിൽ മഴ പെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഖേക്ര, ബുരാരി, മയൂർ വിഹാർ, മറ്റ് നിരവധി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ക്ലൗഡ് സീഡിംഗ് നടന്നു. എട്ട് ഫ്ലെയറുകൾ ഉപയോഗിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും പരീക്ഷണങ്ങളും ഇന്ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ അയോഡൈഡ് അല്ലെങ്കിൽ സോഡിയം ക്ലോറൈഡ് പോലുള്ള രാസ സംയുക്തങ്ങൾ മേഘങ്ങളിലേക്ക് വിതറുമ്പോൾ കണികകൾ ഘനീഭവിക്കുന്നതിനുള്ള ന്യൂക്ലിയസുകളായി പ്രവർത്തിക്കുകയും ജലത്തുള്ളികൾ രൂപപ്പെടുകയും മഴയായി പെയ്യുകയും ചെയ്യും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ക്ലൗഡ് സീഡിങ് നടത്തി 15 മുതൽ 30 മിനിറ്റിനുള്ളിൽ മഴ പെയ്യും. തണുത്തതോ വരണ്ടതോ ആയ മേഘങ്ങളിലാണെങ്കിൽ രണ്ട് മണിക്കൂർ വരെ എടുത്തേക്കാം. ചിലപ്പോൾ മഴ പെയ്യണമെന്നുമില്ല. കാറ്റിന്റെ ശക്തി, താപനില, മേഘങ്ങളുടെ ഉയരം തുടങ്ങിയ ഘടകങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കഴിഞ്ഞയാഴ്ച ബുരാരിയിൽ നടത്തിയ പരീക്ഷണ പറക്കലിനു ശേഷമാണ് ചൊവ്വാഴ്ച ക്ലൗഡ് സീഡിങ് നടന്നത്. ദേശീയ തലസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ക്ലൗഡ് സീഡിങ്ങിന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ നിന്നും (IMD)ദില്ലി സർക്കാരിന്റെ പരിസ്ഥിതി വകുപ്പിൽ നിന്നും അന്തിമ അനുമതി ലഭിച്ചിരുന്നു. ദീപാവലിക്ക് ശേഷം വായു മലിനീകരണം ആശങ്കാജനകമായ രീതിയിൽ വർധിച്ചതും ശൈത്യകാലം ആരംഭിച്ചതോടെ അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് വർധിച്ചുവരുന്നതുമായ സാഹചര്യത്തിലാണ് കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കം നടത്തിയത്.
നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 305 ലേക്ക് താഴ്ന്നു. ശൈത്യകാല മലിനീകരണ നിയന്ത്രണ തന്ത്രത്തിന്റെ ഭാഗമാണ് ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ എന്നും ഘട്ടം ഘട്ടമായി ഇത് നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം മെയ് മാസത്തിൽ ദില്ലി മന്ത്രിസഭ 3.21 കോടി രൂപ ചെലവിൽ പരീക്ഷണങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam