
ബംഗളൂരു: ആര്‍എസ്എസ് പരിപാടികൾ ലക്ഷ്യമിട്ട് ഉത്തരവിറക്കിയ കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി. പൊതുയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ അനുമതി വേണമെന്ന് ഉത്തരവിന് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഇടക്കാല സ്റ്റേ അനുവദിച്ചത് കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചാണ്. കേസ് നവംബർ 17ന് വീണ്ടും പരിഗണിക്കും. അപ്പീൽ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ഹർജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അശോക് ഹരണഹള്ളി, സർക്കാരിന്‍റെ ഉത്തരവ് പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക്മേലുള്ള നിയന്ത്രണമാണെന്ന് വാദിച്ചു. "പത്തിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നതിന് അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശത്തിന്മേലുള്ള നിയന്ത്രണമാണ്. ഒരു പാർക്കിൽ ഒരു പാർട്ടി നടത്തിയാൽ പോലും അത് സർക്കാർ ഉത്തരവ് പ്രകാരം നിയമവിരുദ്ധമായ ഒത്തുചേരലാകും," ഹരണഹള്ളി വാദത്തിനിടെ പറഞ്ഞു.
സർക്കാരിന്‍റെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് പുനശ്ചൈതന്യ സേവാ സംസ്ഥെ എന്ന സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നിയമപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സ്വകാര്യ സംഘടനകളുടെ അവകാശങ്ങളെ ഈ നീക്കം ലംഘിക്കുന്നുവെന്ന് ഹർജിയിൽ വാദിച്ചിരുന്നു. ഈ മാസം ആദ്യം പുറത്തിറക്കിയ സ്റ്റേ ചെയ്ത സർക്കാർ ഉത്തരവിൽ പൊതു-സർക്കാർ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.
സർക്കാർ സ്കൂളുകളിലും കോളേജ് ഗ്രൗണ്ടുകളിലും മറ്റ് സ്ഥാപനപരമായ സ്ഥലങ്ങളിലും വകുപ്പ് മേധാവികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സ്വകാര്യ അല്ലെങ്കിൽ സാമൂഹിക സംഘടനകൾ പരിപാടികൾ, യോഗങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ നടത്താൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും കർണാടക ലാൻഡ് റവന്യൂ, വിദ്യാഭ്യാസ നിയമങ്ങൾ പ്രകാരം ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, സർക്കാരിന്‍റെ ഈ നീക്കം ഏതെങ്കിലും പ്രത്യേക സംഘടനയെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് കർണാടക പാർലമെന്‍ററി കാര്യ മന്ത്രി എച്ച് കെ പാട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സംഘടനയെക്കുറിച്ചോ ആ സംഘടനയെക്കുറിച്ചോ പ്രത്യേകമായി ഒന്നുമില്ല. സർക്കാർ സ്വത്തുക്കൾ ശരിയായ ആവശ്യങ്ങൾക്ക്, ശരിയായ അനുമതിയോടെ മാത്രമേ ഉപയോഗിക്കാവൂ. ഏത് ലംഘനവും നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിദ്ധരാമയ്യ സർക്കാരിന് ഇതൊരു വലിയ തിരിച്ചടിയാണ്. പ്രിയങ്ക് ഖാർഗെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആർഎസ്എസിനെ നിരോധിക്കുന്നതിനെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. ഈ ഹൈക്കോടതി വിധിയിലൂടെ സംസ്ഥാന സർക്കാരിന് വായടയ്‌ക്കേണ്ടിവരും, കാരണം ഇന്ന് നീതി വിജയിച്ചു എന്ന് കോടതിയുടെ തീരുമാനത്തോട് പ്രതികരിച്ച സംസ്ഥാന ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്രൻ പറഞ്ഞു.
ധാർവാഡ് ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.