
ജയ്‌പൂർ: ഗുജറാത്തിൽ നിന്ന് രാജസ്ഥാനിലെത്തിയ യുവതിയടക്കം അഞ്ച് പേരെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ മുങ്ങിയ സംഭവത്തിൽ പിടികൂടി. ഹോട്ടൽ ജീവനക്കാരും പൊലീസും ചേർന്ന് അഞ്ചംഗ സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന് രാജസ്ഥാൻ-ഗുജറാത്ത് അതിർത്തിയിൽ വച്ചാണ് പിടികൂടിയത്. അതിർത്തിയിലെ ട്രാഫിക് ബ്ലോക്കാണ് ഇവർ പിടിയിലാകാൻ കാരണമായത്.
രാജസ്ഥാനിലെ മൗണ്ട് അബുവിന് അടുത്തുള്ള സിയവ എന്ന സ്ഥലത്തെ ഹാപ്പി ഡേ ഹോട്ടലിലാണ് സംഭവം നടന്നത്. യുവതിയടക്കം അഞ്ച് പേരും ഹോട്ടലിലെത്തിയ ശേഷം നല്ല പോലെ ഭക്ഷണം കഴിച്ചു. 10900 രൂപയാണ് അഞ്ച് പേരും കഴിച്ച ഭക്ഷണത്തിന് ആകെ ബില്ലായത്. എന്നാൽ പണം കൊടുക്കാനുള്ള മനസ് ഇവർക്കുണ്ടായിരുന്നില്ല. പണം കൊടുക്കാതെ മുങ്ങാനായിരുന്നു ഇവരുടെ തീരുമാനം.
ടേബിളിൽ നിന്ന് ഓരോരുത്തരായി ശുചിമുറിയിലേക്കും ഇവിടെ നിന്ന് പുറത്ത് പാർക്ക് ചെയ്‌ത കാറിലേക്കും പോയി. അഞ്ചാമനും പുറത്തിറങ്ങിയതിന് പിന്നാലെ കാർ ഹോട്ടലിൽ നിന്നും ഗുജറാത്ത് ലക്ഷ്യമാക്കി പറന്നു. അഞ്ച് പേരും ഭക്ഷണത്തിൻ്റെ പണം നൽകിയില്ലെന്ന് മനസിലാക്കിയ ജീവനക്കാർ ഇക്കാര്യം ഹോട്ടലുടമയെ അറിയിച്ചു. പിന്നാലെ ഇവർ സിസിടിവി പരിശോധിച്ചു. അഞ്ച് പേരും സഞ്ചരിച്ച കാറിൻ്റെ നമ്പർ മനസിലാക്കിയതിന് പിന്നാലെ ഹോട്ടലുടമയും ജീവനക്കാരിൽ ചിലരും കാറിൽ ഇവർ പോയ വഴിയേ നീങ്ങി.
ഇതിനിടെ വിവരം പൊലീസിനെയും അറിയിച്ചു. ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിൽ വൻ ഗതാഗതക്കുരുക്കിനെ തുടർന്ന് വാഹനങ്ങൾ കുടുങ്ങിയിരിക്കുകയായിരുന്നു. ഇക്കൂട്ടത്തിൽ പണം നൽകാതെ മുങ്ങിയ അഞ്ച് പേരും ഉണ്ടായിരുന്നു. ഇവിടെയെത്തിയ ഹോട്ടൽ ജീവനക്കാർ കാറിൻ്റെ നമ്പർ നോക്കി അഞ്ച് പേരെയും കണ്ടെത്തി. പിന്നാലെ ഇരുവിഭാഗവും തമ്മിൽ തർക്കം ഉണ്ടായി. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രശ്നം എങ്ങനെ പരിഹരിച്ചുവെന്നത് വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam