
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദവി വീതം വയ്ക്കാൻ ധാരണയുണ്ടെന്ന് സൂചന നൽകി ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഒരു ഇംഗ്ലീഷ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖം വിവാദത്തിൽ. കോൺഗ്രസിനെ ഒന്നിച്ച് നിർത്തിയ ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു ഡി കെയുടെ പ്രസ്താവന. അധികാരം പങ്ക് വയ്ക്കാൻ ഒരു ധാരണയുണ്ടെന്നും അത് മാധ്യമങ്ങളോട് ചർച്ച ചെയ്യാനുദ്ദേശിക്കുന്നില്ല എന്നും ഡി കെ പറഞ്ഞിരുന്നു.
എന്നാൽ ഒരു തരത്തിലുള്ള അധികാരം പങ്കുവയ്ക്കൽ ഫോർമുലയെക്കുറിച്ചും തനിക്കറിയില്ലെന്നും എല്ലാ തീരുമാനവും ഹൈക്കമാൻഡിന്‍റേതാകുമെന്നുമാണ് ഡി കെയുടെ പ്രസ്താവനയോട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. ഇതോടെ കൂടുതൽ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറയുന്നതാണ് അവസാനവാക്കെന്നും പറഞ്ഞ് ഡി കെ ശിവകുമാർ വിവാദം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും കർണാടക കോൺഗ്രസിൽ അധികാരത്തർക്കം പതിയെ വീണ്ടും തല പൊക്കുന്നതിന്‍റെ സൂചനയായി ഈ പ്രസ്താവനകൾ മാറിക്കഴിഞ്ഞു.
ഇന്ന് ഹാസനിൽ സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി പിന്നാക്കസംഘടനകൾ സംഘടിപ്പിക്കുന്ന സ്വാഭിമാന സന്നിവേശ എന്ന മെഗാറാലി, പാർട്ടി പരിപാടിയാക്കി മാറ്റി അതിൽ ഡി കെ അടക്കം എല്ലാ മുതിർന്ന നേതാക്കളും പങ്കെടുക്കാനിരിക്കേയാണ് പുതിയ വിവാദം ഉടലെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കർണാടകടയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മുഡ ഭൂമിയിടപാട് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു എന്നതാണ്. മൈസുരു അർബൻ ഡെവലപ്മെന്‍റ് അതോറിറ്റി അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനും കേസിലെ പരാതിക്കാർക്കുമാണ് കർണാടക ഹൈക്കോടതി നോട്ടീസയച്ചത്. സംസ്ഥാന സർക്കാരിന് കീഴിലാണ് അന്വേഷണ ഏജൻസിയായ ലോകായുക്ത എന്നതിലാണ് നോട്ടീസെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് ഇനി ജനുവരി 20 ന് പരിഗണിക്കുമ്പോൾ വ്യക്തമായ നിലപാട് അറിയിക്കണം എന്നാണ് നോട്ടീസിലെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam