
ചെന്നൈ: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അവസാന ശമ്പളത്തിന്‍റെ 50 ശതമാനം പെൻഷൻ ആയി ലഭിക്കും. പഴയ പെൻഷൻ പദ്ധതിക്ക് തുല്യമായ ആനുകൂല്യങ്ങൾ പുതിയ തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ പദ്ധതിയിലും (ടിഎപിഎസ്) ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. എല്ലാ 6 മാസവും ക്ഷാമബത്തയിൽ വർധനയുണ്ടാകുമെന്നും സർക്കാർ ഉറപ്പ് നൽകി.
ജീവനക്കാർ ശമ്പളത്തിന്റെ 10 ശതമാനം നൽകണം. ബാക്കി സർക്കാർ വഹിക്കും. പെൻഷൻ ലഭിക്കുന്നയാൾ മരിച്ചാൽ കുടുംബാoഗത്തിന് അവസാനം വാങ്ങിയ പെൻഷന്റെ 60 ശതമാനം ലഭിക്കും. വിരമിക്കൽ സമയത്തോ സർവീസിനിടെയോ മരണം സംഭവിച്ചാലോ സർക്കാർ ജീവനക്കാർക്ക് അവരുടെ സേവന കാലയളവ് അടിസ്ഥാനമാക്കി 25 ലക്ഷം രൂപയിൽ കൂടാത്ത ഗ്രാറ്റുവിറ്റി നൽകും.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ചേർന്നതിന് ശേഷം വിരമിച്ചവർക്ക് പ്രത്യേക പെൻഷൻ നൽകും. ടിഎപിഎസ് നടപ്പിലാക്കിയ ശേഷം, പെൻഷൻ ലഭിക്കുന്നതിന് ആവശ്യമായ യോഗ്യതാ സേവന കാലയളവ് പൂർത്തിയാക്കാതെ വിരമിക്കുന്ന ജീവനക്കാർക്ക് മിനിമം പെൻഷൻ നൽകും. ജീവനക്കാരുടെ 20 വർഷത്തെ ആവശ്യങ്ങൾ ഡിഎംകെ അംഗീകരിച്ചതായി സ്റ്റാലിൻ സർക്കാർ അവകാശപ്പെട്ടു. ടിഎപിഎസ് നിലവിൽ വരുന്നതോടെ, പെൻഷൻ ഫണ്ടിനായി തമിഴ്‌നാട് സർക്കാരിന് 13,000 കോടി അധിക ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ പെൻഷൻ പദ്ധതി പ്രകാരം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മുമ്പ് ലഭിച്ചിരുന്ന പെൻഷനും വിവിധ ആനുകൂല്യങ്ങളും തുടർന്നും നൽകുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്റ്റാലിൻ സർക്കാർ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam