
മധുര: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനമായി നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ 'തായ് മാമൻ തങ്കമോതിരം' പദ്ധതിക്ക് ആരംഭം. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചെന്നൈയിൽ നിന്ന് മധുര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി വിജയ്, റോഡ് മാർഗമാണ് രാജാജി ഗവ. ആശുപത്രിയിൽ എത്തിയത്.
സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്കാണ് സ്വർണ മോതിരം ലഭിക്കുക. അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ കമ്പനികളായ ജോയ് ആലുക്കാസ്, കല്യാൺ ഗ്രൂപ്പുകൾ പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ഇ-കെവൈസി ചെയ്ത ആധാർ കാർഡും തിരിച്ചറിയൽ രേഖയോ മേൽവിലാസം തെളിയിക്കുന്ന രേഖയോ നിർബന്ധമാണ്.
ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇവർക്ക് സ്വർണ മോതിരം വിതരണം ചെയ്യുന്നതിനായി 107 വിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങളാണ് വിതരണ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം രാവിലെ 25 പേർക്കും ഉച്ചയ്ക്ക് ശേഷം 25 പേർക്കുമായിരിക്കും മോതിരം വിതരണം ചെയ്യുക. വില്ലേജ് ഹെൽത്ത് നഴ്‌സുമാർ വഴിയാണ് ഗുണഭോക്താക്കൾക്ക് ഇതിനുള്ള ക്ഷണക്കത്ത് നൽകുക. കത്തിൽ പറഞ്ഞിരിക്കുന്ന കൃത്യം സമയത്ത് മാത്രമേ ആളുകൾ കേന്ദ്രങ്ങളിൽ എത്താൻ പാടുള്ളൂ എന്ന് നിർദേശമുണ്ട്.
രാജാജി ആശുപത്രിയിലെ പരിപാടിക്ക് ശേഷം വിജയ് ഉച്ചയ്ക്ക് 12:50 ഓടെ ഗാന്ധി മ്യൂസിയം സന്ദർശിക്കും. വൈകുന്നേരം 3:45ന് മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam