
ദില്ലി: രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ തകർച്ചയ്ക്കും നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കുമെതിരെ വൻ പ്രതിഷേധത്തിനൊരുങ്ങുന്ന കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ പുതിയ ദേശീയ വക്താക്കളെ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ തരംഗമായ, അഭിജീത് ദിപ്കെ രൂപീകരിച്ച സംഘടന ജൂൺ ആറിനാണ് ജന്തർ മന്തറിൽ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി പാർട്ടിയുടെ നിലപാടുകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് വ്യത്യസ്ത മേഖലകളിൽ പ്രഗത്ഭരായ മൂന്ന് പേരെ വക്താക്കളായി നിയമിച്ചിരിക്കുന്നത്. പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ സൗരവ് ദാസാണ് മുഖ്യ വക്താവ്. 2025 നവംബറിൽ ഇന്ത്യ ഗേറ്റിൽ നടന്ന മലിനീകരണ വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ് ഇദ്ദേഹം.
രാഷ്ട്രീയ ഗവേഷകൻ, എഴുത്തുകാരൻ, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ വിജേത ദാഹിയയാണ് രണ്ടാമൻ. ദില്ലി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, ഹരിയാൻവി ഭാഷയിൽ 'ദരാരേൻ', 'ഓപ്രി പറായി' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പവർ ഓഫ് യൂണിവേഴ്‌സ്, ടു ഹെൽ വിത്ത് ദാറ്റ് ജോബ് എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്. ഐഐടി കാൺപൂർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് (LSE) എന്നിവടങ്ങളിലെ പഠനത്തിന് ശേഷം ലണ്ടനിലെ പ്രശസ്തമായ മക്കിൻസി ആൻഡ് കമ്പനിയിൽ മാനേജ്‌മെന്റ് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്ന അശുതോഷ് റാങ്കയാണ് മൂന്നാമൻ. കഴിഞ്ഞ വർഷം ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം, ജയ്പൂരിൽ പരിസ്ഥിതി, വിദ്യാഭ്യാസം, നീറ്റ് പരീക്ഷാ വിവാദം എന്നിവയുമായി ബന്ധപ്പെട്ട ജനകീയ പ്രചാരണങ്ങളിൽ സജീവമാണ്.
ജൂൺ 6-ന് അഭിജീത് ദിപ്കെ ഇന്ത്യയിൽ തിരിച്ചെത്തുന്നതോടെ ദില്ലിയിൽ സമാധാനപരമായ പ്രതിഷേധ പരിപാടികൾക്ക് തുടക്കമാകും. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, സിബിഎസ്ഇ സിസ്റ്റത്തിലെ പാളിച്ചകൾ എന്നിവയ്ക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ ചർച്ചകളുടെ സ്വഭാവം മാറ്റിയെഴുതാൻ പുതിയ തലമുറയിലെ നേതാക്കൾക്ക് കഴിയുമെന്ന് നിയമനങ്ങൾക്ക് പിന്നാലെ സംഘടന വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam