കോയമ്പത്തൂർ സ്ഫോടനം: നിർണായക തെളിവായി ഡയറിക്കുറിപ്പുകളും മതതീവ്ര നിലപാടുകൾ പങ്കുവയ്ക്കുന്ന ലഘുലേഖകളും 

Published : Oct 30, 2022, 04:52 PM IST
കോയമ്പത്തൂർ സ്ഫോടനം: നിർണായക തെളിവായി ഡയറിക്കുറിപ്പുകളും മതതീവ്ര നിലപാടുകൾ പങ്കുവയ്ക്കുന്ന ലഘുലേഖകളും 

Synopsis

രാജ്യത്തെ സമീപകാല സംഭവ വികാസങ്ങളെ പറ്റിയുള്ള കുറിപ്പുകൾ അടങ്ങിയ നാല് ഡയറികളാണ് കണ്ടെടുത്തത്. പൗരത്വ ഭേദഗതി നിയമം, ഹിജാബ് നിരോധനം തുടങ്ങിയവയോടുള്ള തീവ്ര പ്രതികരണങ്ങൾ ഇതിലുണ്ടെന്നാണ് സൂചന. മറ്റ് മതവിശ്വാസങ്ങൾ സംബന്ധിച്ച കുറിപ്പുകൾ, ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഫ്ലോ ചാർട്ടുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്

കോയമ്പത്തൂർ: കോയമ്പത്തൂരിലെ ഉക്കടത്ത് സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കളിൽ 4 ഡയറികളും. കേസന്വേഷണത്തിൽ നിർണായകമാകുന്ന നിരവധി സൂചനകൾ ഡയറിക്കുറിപ്പുകളിൽ നിന്ന് അന്വേഷണ സംഘത്തിന് കിട്ടി. ഇതര മതങ്ങളോടുള്ള ജമേഷ മുബീന്‍റെ കാഴ്ചപ്പാടുകളും രാജ്യത്ത് അടുത്തിടെ ഉണ്ടായ വിവിധ രാഷ്ട്രീയ വിഷയങ്ങളെപ്പറ്റിയുള്ള കുറിപ്പുകളും ഡയറിയിലുണ്ട്.

ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ എഴുപത്തിയാറര കിലോ സ്ഫോടക വസ്തുക്കളും ഇലക്ട്രോണിക് സർക്യൂട്ടുകളും ഗ്യാസ് സിലിണ്ടറുകളും ഉണ്ടെന്നായിരുന്നു എൻഐഎ അറിയിച്ചത്. എന്നാൽ ഇതിനു പുറമേ, മത തീവ്ര നിലപാടുകൾ പ്രകടമാകുന്ന ലഘുലേഖകളും ഡയറിക്കുറിപ്പുകളും ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. രാജ്യത്തെ സമീപകാല സംഭവ വികാസങ്ങളെ പറ്റിയുള്ള കുറിപ്പുകൾ അടങ്ങിയ നാല് ഡയറികളാണ് കണ്ടെടുത്തത്. പൗരത്വ ഭേദഗതി നിയമം, ഹിജാബ് നിരോധനം തുടങ്ങിയവയോടുള്ള തീവ്ര പ്രതികരണങ്ങൾ ഇതിലുണ്ടെന്നാണ് സൂചന. മറ്റ് മതവിശ്വാസങ്ങൾ സംബന്ധിച്ച കുറിപ്പുകൾ, ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഫ്ലോ ചാർട്ടുകൾ തുടങ്ങിയവയുമുണ്ട്. ഇവയെല്ലാം പൊലീസ് എൻഐഎക്ക് കൈമാറി.

ശ്രീലങ്കയിലെ ഈസ്റ്റർ ദിന സ്ഫോടനങ്ങളുടെ സൂത്രധാരൻ സഫ്റൻ ഹാഷിമിനെ ജമേഷ മുബീൻ മാതൃകാപുരുഷനായാണ് കണ്ടിരുന്നത്. ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി നിലവിൽ സൂചനകളില്ല. എന്നാൽ സഫ്റൻ ഹാഷിമുമായി ബന്ധമുള്ളവരുമായി ബന്ധം പുലർത്താൻ ജമേഷ മുബീൻ ശ്രമിച്ചിരുന്നു.

ബോംബാക്രമണം സംബന്ധിച്ച പരിശീലനമൊന്നും ഇയാൾക്ക് കിട്ടിയിരുന്നില്ല എന്നാണ് നിഗമനം. ഇന്‍റർനെറ്റിൽ നിന്നും പുസ്തകങ്ങളിൽ നിന്നും തേടിപ്പിടിച്ച വിവരങ്ങളുടെ ആത്മവിശ്വാസത്തിൽ സ്ഫോടനത്തിന് പദ്ധതിയിടുകയായിരുന്നു. പുലർച്ചെ ഒരു മണിക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി വീട്ടിൽ നിന്ന് പുറപ്പെട്ടു. സംഗമേശ്വര ക്ഷേത്രത്തിനടുത്തുള്ള പൊലീസ് ചെക്പോസ്റ്റ് ഇയാളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇവിടുന്ന് ധൃതിയിൽ മടങ്ങുന്നതിടെയാണ് സ്ഫോടനം. ഈ ക്ഷേത്രം തന്നെയാണോ ലക്ഷ്യമിട്ടത് എന്ന് വ്യക്തമല്ല. ഇതടക്കം മൂന്ന് ക്ഷേത്രങ്ങളിൽ ആക്രമണം നടത്താനുള്ള സാധ്യത സംഘം തേടിയിരുന്നതായി അടുത്ത കൂട്ടാളികളായ അഫ്സർ ഖാനും മുഹമ്മദ് അസ്ഹറുദ്ദീനും മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് സംഗമേശ്വര ക്ഷേത്രത്തിലെത്തി എൻഐഎ സംഘം ആദ്യ ഘട്ട തെളിവെടുപ്പ് നടത്തി. എൻഐഎ എഫ്ഐആറിലെ പരാതിക്കാരനായ ക്ഷേത്ര പുരോഹിതൻ സുന്ദരേശന്‍റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും
തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി; ചെങ്കൽപ്പേട്ടിൽ റാലി ഇന്ന്