
പാലക്കാട് : കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനത്തിൽ വൻ ഗൂഢാലോചന നടന്നതായി പൊലീസ്. പ്രതികൾ ലക്ഷ്യമിട്ടത് സ്ഫോടന പരമ്പര എന്നും സംശയം ഉണ്ട് . സ്ഫോടന ചേരുവകൾ വാങ്ങിയതിൽ അടക്കം കൃത്യമായ ആസൂത്രണം നടന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട് .സ്ഫോടക വസ്തുക്കൾ പലർ പലപ്പോഴായി വാങ്ങി മുബീന്റെ വീട്ടിൽ സൂക്ഷിച്ചു.എല്ലാത്തിന്റെയും മാസ്റ്റർ മൈൻഡ് ജമേഷ മുബീൻ എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം
സ്ഫോടക വസ്തുക്കൾ എങ്ങനെ വാങ്ങി എന്നതാണ് പരിശോധിക്കുന്ന മറ്റൊരു കാര്യം . ഓൺലൈൻ ആയി വാങ്ങിയോ എന്നും പരിശോധിക്കുന്നുണ്ട് . പ്രമുഖ ഈ കൊമേഴ്‌സ് സൈറ്റുകളോട് വിവരം തേടി പോലിസ് കത്തെഴുതി. അങ്ങനെ ആണ് വാങ്ങിയതെങ്കിൽ ആരാണ് വാങ്ങിയത്, പണം എങ്ങനെ അടച്ചു, ഡെലിവറി നൽകിയ സ്ഥലം എന്നിവയുടെ വിവരമാണ് ശേഖരിക്കുന്നത്.
കോയമ്പത്തൂരിൽ കഴിഞ്ഞ 2 വർഷത്തിനിടെ നടത്തിയ പൊട്ടാസ്യം നൈട്രേറ്റ്, സൽഫർ വില്പനകളുടെ വിവരം ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയോട് ചോദിച്ചിട്ടുണ്ട് . അതേസമയം മുബീന്റെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിൽ ആണ്. വീടുകളിലും ജോലി സ്ഥലങ്ങളിലും പോലിസ് റെയ്ഡ് നടത്തി. വിൻസെന്റ് റോഡിലുള്ള മുബീന്റെ അടുപ്പക്കാരിൽ ഒരാളെ ഏറെ നേരം ചോദ്യം ചെയ്തു. ഇയാളുടെ ലാപ്ടോപ് അന്വേഷണസംഘം പിടിച്ചെടുത്തു.ലാപ്ടോപ് പോലിസ് സൈബർ അനലൈസിനായി കൈമാറിയിട്ടുണ്ട് .അതേസമയം കാർ ബോംബ് സ്ഫോടനക്കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിനു സാധ്യതയുണ്ട്.
മുബിന്റെ അടുപ്പക്കാരിൽ ചിലർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. കേസിൽ അറസ്റ്റിൽ ആയ അഞ്ചു പ്രതികളെ പോലീസിനു മൂന്നു ദിവസത്തെ കസ്റ്റഡിയിൽ കിട്ടിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ ഇതിനോടകം ശുപാർശ നൽകിയിട്ടുണ്ട്. കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്ന DIG യുടെ നേതൃത്വത്തിലുള്ള NIA സംഘവും പ്രാഥമിക വിവരശേഖരണം തുടരുന്നുണ്ട്. പോലീസ് കണ്ടെടുത്ത 75 KG സ്ഫോടക ചേരുവകൾ എങ്ങനെ ശേഖരിച്ചു എന്നതിന്റെ ചുരുൾ അഴിക്കാനാണ് ശ്രമം.വിവിധ ഫോറൻസിക് പരിശോധനകളുടെ പ്രാഥമിക ഫലം ഇന്ന് അന്വേഷണ സംഘത്തിനു കിട്ടിയേക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam