പ്രതികളിൽ ഒരാളുടെ ഐഎസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ കിട്ടിയ സാഹചര്യത്തിലാണ് ശുപാർശ എന്‍ ഐ എ. സംഘം കോയമ്പത്തൂരില്‍ പ്രാഥമിക വിവരശേഖരണം തുടങ്ങി

കോയമ്പത്തൂര്‍:കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനക്കേസ് NIA അന്വേഷിക്കണമെന്ന് തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്തു.. പ്രതികളിൽ ഒരാളുടെ ഐഎസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാർശ . NIA സംഘം ഇതിനോടകം കോയമ്പത്തൂർ എത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ചു പ്രതികളെയും NIA ചോദ്യം ചെയ്തു.

സ്ഫോടനം നടക്കുന്നതിന് തൊട്ടു മുമ്പ് ജമേഷ മുബീൻ പങ്കുവച്ച വാട്സാപ്പ് സ്റ്റാറ്റസാണ് ചാവേർ ആക്രമണ സംശയം ബാലപ്പെടുത്തുന്നതിൽ ഒന്ന്. എന്‍റെ മരണ വിവരം അറിഞ്ഞാൽ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം, സംസ്കാര ചടങ്ങിൽ പങ്കെടുത്തു പ്രാർത്ഥിക്കണം എന്നായിരുന്നു ഉള്ളടക്കം.ഇതിനു പുറമെ ജമീഷ മുബീന്റെമൃതദേഹത്തിൽ നിന്ന് കത്താൻ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം കണ്ടെത്തി. 13 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.ജമീഷിന്‍റെ വീട്ടിൽ നിന്നു കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവയുടെ വിവരവും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്

അറസ്റ്റിലായ പ്രതികളിൽ ഒരാളായ ഫിറോസ് ഇസ്മായിലിനെ ഐഎസ് ബന്ധത്തെ തുടർന്നാണ് ദുബായിൽ നിന്ന് മൂന്നു വർഷം മുമ്പ് തിരിച്ചറിയച്ചത് എന്നും പോലീസ് വൃത്തങ്ങൾ പങ്കുവയ്ക്കുന്നു.പോലീസ് ശേഖരിച്ച വിവരങ്ങളിൽ തീവ്രവാദ ബന്ധം ബലപ്പെട്ടതോടെ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിലാണ് കേസ് കൈമാറാൻ ശുപാർശ നൽകിയത്..എന്‍ ഐ എ ഡിഐജി, കെ. ബി. വന്ദന, എസ് പി ശ്രീജിത്ത്‌ എന്നിവർ കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അഞ്ചു പ്രതികളെയും സംഘം ഇന്നലെ കോടതിയിൽ ഹാജരാക്കും മുമ്പ് ചോദ്യം ചെയ്തിരുന്നു.

കോയമ്പത്തൂർ നഗരത്തിന്‍റെ സുരക്ഷ കൂട്ടാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു.തീവ്രവാദ ബന്ധം, ആക്രമണം എന്നിവ കണ്ടെത്തി പ്രതിരോധിക്കാൻ ദൗത്യ സേന രൂപീകരിക്കാൻ ആണ് ഒരുക്കം..ഉക്കടം സ്ഫോടനത്തിൽ ഇന്‍റലിജൻസ് വീഴ്ച ആരോപണം നേരിട്ടതിനാൽ അംഗബലം കൂട്ടുമെന്നാണ് സർക്കാർ അറിയിപ്പ്