
ചെന്നൈ: ഈയടുത്തിടെ ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നടന്ന സന്തോഷകരമായ അനുഭവത്തെ ആഘോഷിച്ച് സോഷ്യൽ മീഡിയ. ഇൻഡിഗോയിലെ പൈലറ്റായ പ്രദീപ് കൃഷ്ണന്റെയും തന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീഡിയോ ആണ് വൈറലാകുന്നത്. പ്രദീപ് കൃഷ്ണൻ തന്നെയാണ് ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. യാത്രികരോട് സംസാരിക്കുന്ന സമയത്ത് വിമാനത്തിൽ തന്റെ മുത്തശ്ശനും മുത്തശ്ശിയും അമ്മയും ഉണ്ടെന്ന് പറയുന്ന ഹൃദയസ്പർശിയായ വീഡിയോ ആണിത്.
'എന്റെ കുടുംബം എന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്ന് അറിയിക്കുന്നതിൽ വളരെയേറെ സന്തോഷമുണ്ട്. എന്റെ താത്ത, പാട്ടി, അമ്മ എന്നിവർ 29-ാംമത് റോയിലാണ് ഇരിക്കുന്നത്. എന്റെ മുത്തച്ഛൻ ഇന്ന് ആദ്യമായി എന്നോടൊപ്പം പറക്കാനൊരുങ്ങുകയാണെന്നും' പ്രദീപ് കൃഷ്ണൻ പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ TVS50 യുടെ പിൻസീറ്റിൽ പലതവണ യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് ഒരു റൈഡ് കൊടുക്കാനുള്ള എന്റെ അവസരമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്കുകൾക്കിടെ അമ്മ സന്തോഷത്താൽ കണ്ണീർ തുടക്കുന്നതും വീഡിയോയിൽ കാണാം.
പൈലറ്റ് തന്റെ മുത്തച്ഛനോട് ഒരു “ഹായ്” പറയാൻ മറ്റു യാത്രക്കാരോട് അഭ്യർത്ഥിച്ചു. മുത്തച്ഛൻ തന്റെ സീറ്റിൽ എഴുന്നേറ്റു നിന്ന് ക്യാബിനിലുള്ള എല്ലാവരെയും കൈകൾ കൂപ്പി അഭിവാദ്യം ചെയ്തു. ഹൃദയസ്പർശിയായ നിമിഷം കണ്ട യാത്രക്കാരെല്ലാവരും കയ്യടിച്ചു. എന്റെ ഏറ്റവും വലിയ അഭിമാനം. കുടുംബത്തെയും സുഹൃത്തുക്കളെയും വച്ച് ഫ്ലൈ ചെയ്യുക എന്നത് ഏതൊരു പൈലറ്റിന്റെയും സ്വപ്നമാണെന്ന് ക്യാപ്ഷൻ നൽകിയാണ് പ്രദീപ് കൃഷ്ണൻ വീഡിയോ പങ്കുവെച്ചത്.
ഇതിനു മുൻപ് 2018-ൽ പ്രദീപ് കൃഷ്ണൻ തന്റെ അമ്മയും മുത്തശ്ശിയും സഞ്ചരിച്ച ഒരു വിമാനത്തിൽ പൈലറ്റായിരുന്നു. ഇതിന്റെ വീഡിയോയും അന്ന് ഇന്റർനെറ്റിൽ വൈറലായിരുന്നു. അന്ന് വിമാനത്തിൽ ഇരിക്കുന്ന അമ്മയുടെയും മുത്തശ്ശിയുടെയും അടുത്തേക്ക് നടന്നു ചെന്ന് അവരുടെ കാലിൽ തൊട്ട് അനുഗ്രഹം തേടിയാണ് യാത്രയാരംഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam