
ദില്ലി: ജഡ്‍ജിമാരുടെ നിയമനം നടത്തുന്ന കൊളീജിയം സംവിധാനത്തെ വിമർശിച്ച് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. കൊളിജീയം സംവിധാനം സുതാര്യമല്ലെന്ന് മന്ത്രി വിമർശിച്ചു. ജുഡീഷ്യറിയിലെ ആഭ്യന്തര രാഷ്ട്രീയം നിയമനങ്ങളിൽ നിലനിൽക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു. ഭരണഘടനയുടെ മറ്റു രണ്ട് തൂണുകൾക്കും വഴിതെറ്റിയാൽ അതിനെ നേരായ മാർഗത്തിൽ നടത്താൻ ജുഡീഷ്യറിയുണ്ട്. എന്നാൽ ജുഡീഷ്യറിക്ക് വഴി തെറ്റുമ്പോൾ അത് പരിഹരിക്കാൻ മാർഗമില്ലെന്നും കേന്ദ്ര മന്ത്രി സൂചിപ്പിച്ചു. നേരത്തെ കൊളിജീയം ചേരാൻ കഴിയാതെ വന്നതോടെ നാല് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള നീക്കം നിലവിലെ ചീഫ് ജസ്റ്റിസ് ഉപേക്ഷിച്ചിരുന്നു.
ജുഡീഷ്യറി വഴിതെറ്റുമ്പോൾ പരിഷ്കരിക്കാൻ ഒരു മാർഗവുമില്ലെന്നാണ് മന്ത്രി പറഞ്ഞത്. "നമുക്ക് നിയമസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് സ്തംഭങ്ങളുണ്ട്. എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും അവരുടെ ചുമതലകളിൽ ബാധ്യസ്ഥരാണെന്നും ജുഡീഷ്യറി അവരെ തിരുത്തുമെന്നും ഞാൻ കരുതുന്നു. എന്നാൽ ജുഡീഷ്യറി വഴിതെറ്റുമ്പോൾ അവയെ പരിഷ്കരിക്കാൻ ഒരു മാർഗവുമില്ല". മന്ത്രി പറഞ്ഞു. ജുഡീഷ്യറിയെ നിയന്ത്രിക്കാനും അതിന്റെ പരിധിക്കുള്ളിൽ നിലനിർത്താനും ഒരു സംവിധാനവുമില്ലാത്തപ്പോൾ, ജുഡീഷ്യൽ ആക്ടിവിസം പോലുള്ള ചോദ്യങ്ങൾ ഉയരുന്നു. പല ജഡ്ജിമാരും അവരുടെ ഉത്തരവിന്റെ ഭാഗമല്ലാത്ത, അത്തരം നിരീക്ഷണങ്ങൾ നൽകുന്നു. ജഡ്ജിമാർ നിരീക്ഷണങ്ങൾ നടത്തുന്നു. ഒരു തരത്തിൽ, അവർ അവരുടെ ചിന്തകളെ തുറന്നുകാട്ടുകയാണ്. ഇതിൽ സമൂഹത്തിൽ എതിർപ്പുമുണ്ടെന്നും മന്ത്രി പറഞ്ഞു.
'ജഡ്ജിമാർക്ക് പറയാനുള്ളതെല്ലാം അവർ പറയും. അഭിപ്രായങ്ങളിലൂടെയല്ല, ഉത്തരവുകളിലൂടെയാണ് പറയുക. ജഡ്ജിമാർ അവരുടെ ജോലി ചെയ്യുന്നു, വിധിക്കുന്നു. എന്നാൽ അതനുസരിച്ച് ജോലികൾ പൂർത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് അവർക്കറിയില്ല. പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചോ അവർ ചിന്തിക്കുന്നില്ല' - മന്ത്രി കുറ്റപ്പെടുത്തി.