Ram Nath Kovind : ജഡ്ജിമാരെ ജഡ്ജിമാർ തന്നെ തെരഞ്ഞെടുക്കുന്ന സംവിധാനത്തിൽ മാറ്റം വരണമെന്ന് രാഷ്ട്രപതി

By Web TeamFirst Published Nov 28, 2021, 11:35 AM IST
Highlights

ജഡ്ജിമാരെ നിയമിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റം വരണമെന്നും അടിത്തട്ടിലുള്ള ജഡ്ജിമാരെ ഓൾ ഇന്ത്യാ ലെവൽ പരീക്ഷയിലൂടെ മേൽക്കോടതിയിലേക്ക് ഉയർത്തണമെന്നും രാഷ്ട്രപതി...

ദില്ലി: കൊളീജിയം (collegium) സംവിധാനത്തിന് ബദലായി, ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ കമ്മീഷൻ ആക്ട് (എൻജെഎസി ആക്ട്) വീണ്ടും ചർച്ചയാക്കി രാഷ്ട്രപതി രാംനാഥ് കൊവിന്ദ് (Ram Nath Kovind). ജഡ്ജിമാരെ നിയമിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റം വരണമെന്നും അടിത്തട്ടിലുള്ള ജഡ്ജിമാരെ ഓൾ ഇന്ത്യാ ലെവൽ പരീക്ഷയിലൂടെ മേൽക്കോടതിയിലേക്ക് ഉയർത്തണമെന്നും രാഷ്ട്രപതി പറഞ്ഞു. ആറ് വർഷം മുമ്പ് സുപ്രീം കോടതി (Supreme Court) നിർത്തലാക്കിയ നിയമമാണ് എൻജെഎസി ആക്ട് (NJAC Act).

ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലെ പരിഷ്‌കാരങ്ങൾ "പ്രസക്തമായ വിഷയമാണ്", അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് മങ്ങലേൽപ്പിക്കാതെ തന്നെ ശ്രമിക്കണമെന്ന് കൊവിന്ദ് പറഞ്ഞു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ വിലപേശൽ സാധ്യമല്ലെന്ന ഉറച്ച വീക്ഷണമാണ് എനിക്കുള്ളത്. അതിനെ ഒട്ടും നേർപ്പിക്കാതെ, മേൽക്കോടതികളിലേക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിന് മികച്ച മാർഗം കണ്ടെത്താനാകുമോ," വിജ്ഞാന് ഭവനിൽ 'ഭരണഘടനാ ദിനം' ആഘോഷിക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ചോദിച്ചു. ഇന്ത്യൻ ചീഫ് ജസ്റ്റിസ് എൻ വി രമണയും സുപ്രീം കോടതി ജഡ്ജിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും പങ്കെടുത്ത ചടങ്ങിലായിരുന്നു രാഷ്ട്രപതിയുടെ പ്രഭാഷണം. 

ഏറ്റവും താഴ്ന്ന തലം മുതൽ ഉയർന്ന തലം വരെ ശരിയായ പ്രതിഭകളെ തിരഞ്ഞെടുക്കാനും പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ഒരു അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് ഉണ്ടായിരിക്കുമെന്നും ഈ ആശയം പുതിയതല്ല, അരനൂറ്റാണ്ടിലേറെയായി ഇത് പരീക്ഷിക്കപ്പെടാതെ നിലനിൽക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. "ജഡ്‌ജി തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്‌കരിക്കുന്നതിന് മികച്ച നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആത്യന്തികമായി, നീതി ന്യായ സംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം," കൊവിന്ദ് പറഞ്ഞു. 

കേന്ദ്രസർക്കാർ കൊണ്ടുവന്ന എൻജെഎസി ആക്ടും അനുബന്ധ ഭേദഗതികളും  ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി 2015 ഒക്ടോബർ 16നാണ് സുപ്രീംകോടതി റദ്ദാക്കിയത്. മേൽക്കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിന് നിലവിലുള്ള കൊളീജിയം സംവിധാനത്തിന് ബദലായി കേന്ദ്രസർക്കാർ കൊണ്ടുവന്ന സംവിധാനമായിരുന്നു എൻജെഎസി. സമിതി മുഖേന ജഡ്ജിമാരെ നിയമിക്കുന്നതാണ് ഈ ആക്ട്. എന്നാൽ ഇത് നിയമവ്യവസ്ഥയുടെ അധികാരത്തിലേക്കുള്ള സർക്കാർ കടന്നുകയറ്റാണെന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ കണ്ടെത്തൽ.

click me!