
ചെന്നൈ: തന്നോട് ചോദ്യം ചോദിച്ച വനിതാ റിപ്പോർട്ടറെ അവഹേളിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ആരാണ് ചോദ്യം ചോദിച്ചതെന്ന് എല്ലാവർക്കും കാണാനായി തന്റെ അടുത്ത് വന്നു നിൽക്കാൻ അണ്ണാമലൈ മാധ്യമ പ്രവര്‍ത്തകയോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് അല്ലായിരുന്നുവെങ്കില്‍ ബിജെപിയിൽ തുടരുമായിരുന്നോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴാണ് അണ്ണാമലൈ പൊട്ടിത്തെറിച്ചത്.
"എന്റെ അടുത്ത് വന്ന് നിൽക്കൂ. ആരാണ് എന്നോട് ഇത്തരമൊരു ചോദ്യം ചോദിച്ചതെന്ന് ആളുകൾ ടിവിയിലൂടെ കാണട്ടെ. ചോദ്യങ്ങൾ ചോദിക്കുന്നതിന് ഒരു രീതിയുണ്ട്. ഇത്രയും ബ്രില്യന്‍റായ ചോദ്യം ചോദിച്ചയാളെ എട്ട് കോടി ആളുകൾ അറിയട്ടെ"- ബിജെപി നേതാവ് പറഞ്ഞു. ഇതോടെ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ എതിര്‍പ്പ് രേഖപ്പെടുത്തി.
"ഞാൻ മുഴുവൻ സമയ രാഷ്ട്രീയക്കാരനല്ല. കർഷകന്‍ എന്നതാണ് എന്‍റെ മേല്‍വിലാസം. അതിനുശേഷം രാഷ്ട്രീയക്കാരനാണ് ബിജെപിക്കൊപ്പമാണ്" - അണ്ണാമലൈ പറഞ്ഞു. ശരിയായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ മാത്രമാണ് താൻ റിപ്പോർട്ടറെ ഉപദേശിച്ചതെന്ന് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അണ്ണാമലൈ പറഞ്ഞു- 'നല്ല ഉദ്ദേശ്യത്തോടെ ഞാൻ നിങ്ങളെ ഉപദേശിക്കുകയാണ് സഹോദരി" എന്നാണ് അണ്ണാമലൈ പറഞ്ഞത്. കോയമ്പത്തൂർ പ്രസ് ക്ലബ് അണ്ണാമലൈയുടെ പെരുമാറ്റത്തെ അപലപിച്ചു.
മാധ്യമ ധാർമികത പ്രസംഗിക്കും മുമ്പ് അണ്ണാമലൈ നേതാവാകാനുള്ള നൈതികത പഠിച്ച് മാന്യമായി പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് കോയമ്പത്തൂർ പ്രസ് ക്ലബ് പ്രസിഡന്റ് എ.ആർ ബാബു പറഞ്ഞു.
"ഇത്തരമൊരു അഹങ്കാരം ഞാൻ ആരിലും കണ്ടിട്ടില്ല. ജയലളിതയിലോ മോദിയിലോ അമിത് ഷായിലോ പോലും ഇല്ല. താന്‍ മനുഷ്യരാശിക്കുള്ള ദൈവത്തിന്‍റെ സമ്മാനമാണെന്ന് അദ്ദേഹം സ്വയം കരുതുന്നു"- എന്നാണ് കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി രാമചന്ദ്രന്‍ സമൂഹ മാധ്യമമായ എക്സില്‍ പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam